<strong>ന്യൂഡല്‍ഹി</strong>: സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കുന്നതിനെ എതിര്‍ത്ത് ഹൈദരാബാദ് നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്സിറ്റി ഓഫ് ലോയിലെ വിദ്യാര്‍ത്ഥികള്‍. ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിക്കുന്നതിനെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല അധികൃതര്‍ക്ക് കത്ത് നല്കി.ബിരുദദാന ചടങ്ങ് നടക്കുന്ന തീയതിയെക്കുറിച്ചും മുഖ്യാതിഥിയെക്കുറിച്ചും ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ബിരുദദാന പ്രസംഗം നടത്തുക എന്നത് സര്‍വകലാശാലയുടെ പതിവ് രീതിയാണ്. എന്നാല്‍ ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനും യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിനും പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. യുവാക്കളെ പാറ്റകളോട് ഉപമിച്ചത് മുതല്‍
ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ കാണാൻ തയ്യാറാകത്തുവരെ വിദ്യാർത്ഥികളോട് കടുത്ത അവഗണനയാണ് ചീഫ് ജസ്റ്റിസ് കാണിച്ചതെന്ന്.സര്‍വകലാശാല അധികൃതര്‍ക്ക് നല്കിയ കത്തില്‍ വിദ്യാർത്ഥികൾ പറയുന്നു. വിഷയത്തില്‍ ജസ്റ്റിസ് സൂര്യകാന്തിനെ ക്ഷണിക്കുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 2026ലെ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും അധ്യാപകര്‍ക്കുമാണ് കത്തെഴുതിയിരിക്കുന്നത്. ‘വിദ്യാര്‍ത്ഥികളെ ‘പാറ്റകള്‍’ എന്ന് വിശേഷിപ്പിച്ചത് മുതല്‍ പൊലീസ് അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ കാണാന്‍ സമയമില്ലെന്ന് പരാമര്‍ശം നടത്തിയത് വരെ ഞങ്ങളെപ്പോലുള്ള വിദ്യാര്‍ത്ഥികളോട് ചീഫ് ജസ്റ്റിസ് തികഞ്ഞ അവഗണനയാണ് കാണിച്ചത്.
അക്കാദമികമായും വൈകാരികമായും വലിയ പ്രാധാന്യമുള്ള ബിരുദങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കാനായി അദ്ദേഹത്തെ കോളേജിലേക്ക് ക്ഷണിക്കുന്നത് ഞങ്ങള്‍ക്ക് ഒട്ടും സ്വീകാര്യമായ കാര്യമല്ല, ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിനെ ക്ഷണിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞങ്ങള്‍ സര്‍വകലാശാല അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു പ്രത്യേക ബാച്ച് മാത്രം ഉന്നയിക്കുന്ന വിഷയമായി കാണാതെ, ബിരുദം നേടുന്ന എല്ലാ വിദ്യാര്‍ത്ഥികളുടെയും പൊതുവായ ആശങ്കയായി സര്‍വകലാശാല അധികൃതര്‍ ഇതിനെ പരിഗണിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’; വിദ്യാര്‍ത്ഥികള്‍ നല്കിയ കത്തില്‍ പറയുന്നു.
