Home » Blog » Kerala » ധോണിയുടെ മടങ്ങിവരവ് കാത്ത് ആരാധകർ; അടുത്ത സീസണിലെ കളിയെക്കുറിച്ച് ചെന്നൈ കോച്ചിന്റെ പ്രതികരണം വൈറലാകുന്നു
Untitled-1-95-680x450

കഴിഞ്ഞദിവസം ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ നിർണായക മത്സരത്തിൽ ആരാധകരുടെ ആകാംക്ഷ മുഴുവൻ എം.എസ്. ധോണിയെ ചുറ്റിപ്പറ്റിയായിരുന്നു. തങ്ങളുടെ പ്രിയതാരം മൈതാനത്തിറങ്ങുന്നത് കാണാൻ കാത്തിരുന്ന കാണികൾക്ക് പക്ഷേ നിരാശയായിരുന്നു ഫലം. ധോണി കളിക്കാനിറങ്ങിയില്ലെന്ന് മാത്രമല്ല, മത്സരത്തിൽ ചെന്നൈ പരാജയപ്പെടുകയും ചെയ്തു. തന്റെ അവസാന ട്വന്റി-20 മത്സരം ചെപ്പോക്കിൽ കളിക്കുമെന്ന് 2021-ൽ ധോണി പറഞ്ഞിരുന്ന പശ്ചാത്തലത്തിലാണ് ഈ മത്സരത്തിൽ അദ്ദേഹം കളിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായത്. ഇതേത്തുടർന്ന് ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെട്ടത്. മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാനും ടീമിനൊപ്പം ഫോട്ടോ സെഷനിൽ പങ്കെടുക്കാനും ധോണി ഗ്രൗണ്ടിലിറങ്ങിയപ്പോൾ വലിയ ആരവത്തോടെയാണ് ഗാലറി അദ്ദേഹത്തെ വരവേറ്റത്.

 

ഈ സീസണിൽ പരിക്കേറ്റത് ധോണിക്ക് തിരിച്ചടിയായെങ്കിലും അടുത്ത വർഷം അദ്ദേഹം ടീമിലുണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് സജീവ ചർച്ച. ഇതിനെക്കുറിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്. ധോണി അടുത്ത സീസണിൽ കളിക്കുമോ എന്നത് ടീം മാനേജ്മെന്റ് പറയേണ്ട കാര്യമാണെന്നാണ് കോച്ചിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചർച്ചകൾ നടക്കുന്നുണ്ടെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഈ സീസണിൽ ധോണിയെ കളിക്കാരനായി മൈതാനത്ത് ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിലും ടീമിലെ യുവതാരങ്ങൾക്ക് അദ്ദേഹം നൽകിയ പിന്തുണ വളരെ വലുതാണെന്ന് ഫ്ലെമിംഗ് വ്യക്തമാക്കി. ധോണി ഇപ്പോഴും ടീമിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിയുന്ന താരമാണെന്നും, ഓരോ കളിക്കാരനും അദ്ദേഹത്തിന്റെ സാന്നിധ്യം നൽകുന്ന ആത്മവിശ്വാസം വളരെ പ്രധാനപ്പെട്ടതാണെന്നും ചെന്നൈ പരിശീലകൻ ഓർമ്മിപ്പിച്ചു.