രൺവീർ സിംഗ് നായകനായ ‘ധുരന്ധർ’ ഫ്രാഞ്ചൈസി എന്നും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അന്താരാഷ്ട്ര തലത്തിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചെങ്കിലും, ഇന്ത്യയിലെ പ്രേക്ഷകർക്കായി ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് (JioHotstar) എത്തുക.
ഇന്ത്യയിലെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഉടൻ തന്നെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്ന സൂചനയുമായി ജിയോ ഹോട്ട്സ്റ്റാർ രംഗത്തെത്തിയിട്ടുണ്ട്. “ലേഡീസ് ആൻഡ് ജെന്റിൽമാൻ, നിങ്ങൾ ഇതിനായി തയ്യാറാണോ?” എന്ന അടിക്കുറിപ്പോടെ ചിത്രത്തിലെ ഒരു ക്ലിപ്പ് പങ്കുവെച്ചുകൊണ്ടാണ് ജിയോ ഹോട്ട്സ്റ്റാർ എക്സ് (X) പ്ലാറ്റ്ഫോമിൽ ആരാധകരെ ആവേശം കൊള്ളിച്ചത്. “എക്സ്പ്ലോഡിംഗ് സൂൺ” എന്ന വാചകവും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മെയ് 14-15 തീയതികളിൽ ചിത്രം അന്താരാഷ്ട്ര തലത്തിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. ‘ധുരന്ധർ: ദി റിവഞ്ച്’ (Dhurandhar: The Revenge – Raw & Undekha) എന്ന പേരിൽ വിദേശത്ത് സ്ട്രീം ചെയ്യുന്ന പതിപ്പിന് ഏകദേശം നാല് മണിക്കൂറോളം ദൈർഘ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. തീയറ്ററുകളിൽ റിലീസ് ചെയ്ത പതിപ്പിനേക്കാൾ കൂടുതൽ രംഗങ്ങളും സെൻസർ ചെയ്യാത്ത വയലൻസ് സീനുകളും ഒടിടി പതിപ്പിലുണ്ടാകും. ഏകദേശം 150 കോടി രൂപയ്ക്കാണ് ജിയോ ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് വിവരം.
അടുത്തിടെ ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒടിടി ഡീലുകളിൽ ഒന്നാണിത്. ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ-ആക്ഷൻ ചിത്രം ഇന്ത്യയിലെ ഒടിടി റിലീസിനായി കാത്തിരിക്കുന്ന ആരാധകർക്ക് ഉടൻ തന്നെ സന്തോഷവാർത്ത ലഭിക്കുമെന്നാണ് സൂചന.
