Your Image Description Your Image Description

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എമ്പുരാന്റെ പ്രൊമോഷന്‍ അഭിമുഖങ്ങളില്‍ തുടരും ദൃശ്യം പോലെ ഒരു ചിത്രമായിരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ പറഞ്ഞതിനെ പിന്നീടുള്ള ചര്‍ച്ചകള്‍ വ്യാഖ്യാനിച്ചതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഇതിന് കാരണവും സംവിധായകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ മൂര്‍ത്തിയുടെ പ്രതികരണം.

‘ഒരു കുടുംബം, ഒരു സാധാരണക്കാരന്‍, ആളുകള്‍ക്ക് എളുപ്പം റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാസന്ദര്‍ഭങ്ങള്‍ ഒക്കെ ഉള്ളതുകൊണ്ടായിരിക്കും അദ്ദേഹം ദൃശ്യത്തിന്റെ കാര്യം പറഞ്ഞത്. ദൃശ്യം പോലെ ഒരു കള്‍ട്ട് ക്ലാസിക് സിനിമയുമായൊന്നും മത്സരിക്കാനോ താരതമ്യം ചെയ്യാനോ പറ്റില്ല. ദൃശ്യം പോലെ ഒരു സംഗതി എന്നാണ് അദ്ദേഹം പറഞ്ഞത്.കുടുംബം, മക്കള്‍ എന്നൊക്കെ പറയുമ്പോള്‍ത്തന്നെ സ്വാഭാവികമായും ഒരു ദൃശ്യം താരതമ്യം വരുമല്ലോ. പക്ഷേ ആ താരതമ്യം വന്നാല്‍ ഈ സിനിമയ്ക്ക് അത് ദോഷം ചെയ്യുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

പക്ഷേ സിനിമയില്‍ ലാലേട്ടന്റെ കഥാപാത്രം കടന്നു പോകുന്ന മാനസികമായ സംഘര്‍ഷങ്ങളും . വൈകാരികമായ നിമിഷങ്ങളുമെല്ലാമുണ്ട്. അത് വളരെ കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യാനും ക്യാപ്ചര്‍ ചെയ്യാനും പറ്റിയിട്ടുണ്ട്. പക്ഷേ അതില്‍ ദൃശ്യം പോലെ ഒരു മിസ്റ്ററിയോ ഇന്‍വെസ്റ്റിഗേഷനോ ഒന്നുമില്ല. പക്ഷേ സിനിമയ്ക്ക് ടെന്‍ഷന്‍സ് ഉണ്ട്. ഹ്യൂമറും സംഘര്‍ഷവും നല്ല ക്യാരക്റ്റര്‍ ആര്‍ക്കുകളും ഒക്കെയുണ്ട്.

അതൊക്കെവച്ച് നോക്കുമ്പോള്‍ ഞങ്ങള്‍ വളരെ കോണ്‍ഫിഡന്റ് ആയിട്ടുള്ള സിനിമയാണ് തുടരും. ലാലേട്ടന്‍ സത്യസന്ധമായാണ് ആ അഭിമുഖത്തില്‍ പറഞ്ഞത്. സാധാരണക്കാരന്‍ സംഗതിയാണ് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. പക്ഷേ അതില്‍ നിന്ന് ആളുകള്‍ എടുക്കുന്നത് ഇതൊരു മിസ്റ്ററി, ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമായിരിക്കും എന്നതാണ്. ട്വിസ്റ്റോട് ട്വിസ്റ്റ് ആയിരിക്കും എന്നാണ്. ഒരിക്കലും ഈ സിനിമയില്‍ ട്വിസ്റ്റ് ഇല്ല’, തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts