
<strong>ന്യൂഡൽഹി</strong>: മുത്തശ്ശി മരിച്ച വിവരം കൃത്യമായി അറിയിച്ചെന്ന വാദവുമായി രംഗത്തെത്തിയ ദില്ലി പോലീസിനെതിരെ സി ജെ പി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ രൂക്ഷ വിമർശനം. മരണ വിവരം അറിയിച്ചപ്പോൾ ബന്ധുക്കളോട് ഒരു മിനിറ്റ് സംസാരിക്കാൻ ഫോൺ തരാൻ ആവശ്യപ്പെട്ടെങ്കിലും തന്നില്ലെന്ന ഗുരുതര ആരോപണമടക്കം ഉന്നയിച്ചാണ് ദീപ്കെ രംഗത്തെത്തിയത്. പുലർച്ചെ മൂന്നരയ്ക്കാണ് പോലീസ് അച്ഛനോട് സംസാരിക്കാൻ ഫോൺ തന്നതെന്നും അദ്ദേഹം വിവരിച്ചു. വലിയ ട്രോമയാണ് തനിക്ക് ദില്ലി പോലീസിൽ നിന്നുണ്ടായതെന്നും ദീപ്കെ വിവരിച്ചു. കസ്റ്റഡിയിലിരിക്കെ അഭിഭാഷകനോടും സംസാരിക്കാൻ അനുവദിച്ചില്ലെന്നും ദീപ്കെ വെളിപ്പെടുത്തി.
ദില്ലിയിലെ പൊലീസുകാർ യൂണിഫോമിട്ട ഗുണ്ടകളാണെന്നും അമിത്ഷാ ആണ് അവരെ ഗുണ്ടകളാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. മോദിയുടെയും ഷായുടെയും ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്നും ഒരുതവണയല്ല നൂറുതവണ ജയിലിലടച്ചാലും പ്രക്ഷോഭം തുടരുമെന്നും സി ജെ പി സ്ഥാപകൻ വ്യക്തമാക്കി. രാജ്യത്ത് നിലനിൽക്കുന്ന ഏകാധിപത്യത്തിന് അന്ത്യംകുറിക്കുകയാണ് സി ജെ പിയുടെ ലക്ഷ്യമെന്നും ദീപ്കെ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇന്നലെ ദില്ലിയിലേക്ക് എത്തിയപ്പോൾ വിമാനത്തിനുള്ളിൽ വച്ചാണ് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടയിലാണ് ദീപ്കെയും മുത്തശ്ശി മരണപ്പെട്ടത്.
