Home » Blog » kerala Max » തോരാതെ പേമാരി; മഴക്കെടുതിയിൽ വിറങ്ങലിച്ച് കേരളം; പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷം!
1-55

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കല്ലാർകുട്ടി, ഇടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത് തുടങ്ങിയ ഡാമുകളിൽ റെഡ് അലേർട്ട് തുടരുകയാണ്. മോശം കാലാവസ്ഥയും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്താകെ 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,674 പേരെ മാറ്റിപ്പാർപ്പിച്ചു. മഴക്കെടുതിയിൽ ഇതുവരെ 11 പേർ മരിച്ചു; 30 വീടുകൾ പൂർണ്ണമായും 293 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ മഴ തുടരുന്നുണ്ടെങ്കിലും ഇതുവരെ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഉയർന്ന പ്രദേശങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി മേഖലകൾ കടുത്ത മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഒറ്റപ്പാലം മേഖലയിലുണ്ടായ മഴയെത്തുടർന്ന് ഭാരതപ്പുഴ കവിഞ്ഞൊഴുകുന്നതിനാൽ സമീപവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് നഗരത്തിലെ ഇലാഹിയ നഗർ, കൊച്ചങ്ങാടി എന്നിവിടങ്ങളിൽ വെള്ളം കയറി. ഇലാഹിയ നഗറിലെ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് താമസക്കാരെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി. കോഴിക്കോട് വെള്ളിപറമ്പിൽ ഓട്ടോ ഡ്രൈവർ നൗഷാദിന്റെ വീട് പുലർച്ചെ ഭാഗികമായി തകർന്നുവെങ്കിലും ആളപായമില്ല. കുടുംബത്തെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്

കോട്ടയം ജില്ലയിലും മഴ കനത്തുനിൽക്കുകയാണ്. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഈരാറ്റുപേട്ട-പാലാ റൂട്ടിലും കോട്ടയം-കുമരകം പാതയിലും ഗതാഗതം തടസ്സപ്പെട്ടു. പുതുപ്പള്ളി-മീനടം റൂട്ടിലെ ഞണ്ടുകുളം പാലവും, കൈതേപാലം-വാകത്താനം പന്നിക്കോട്ട് പാലവും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും നദികളിലെ ജലനിരപ്പ് ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.