Home » Blog » Kerala » തൃശൂർ വെടിക്കെട്ട് പുരയിലെ അപകടം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം
6

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനാണ് അന്വേഷണം നടത്തുക. അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. കുടുംബങ്ങൾക്കുള്ള ധനസഹായവും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകും. സിഎംഡിആർഎഫിൽ നിന്നും 10 ലക്ഷം എസ്ഡിആർഎഫിൽ നിന്നും നാല് ലക്ഷം രൂപയും നൽകും. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകും. സ്വകാര്യ ആശുപത്രികളുടെ ചികിത്സയിൽ കഴിയുന്നവരുടെ ചെലവ് സർക്കാർ വഹിക്കും. കെട്ടിടങ്ങളുടെ നാശനഷ്ടങ്ങൾക്ക് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകും. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മുറിച്ച സ്വകാര്യ വ്യക്തികളുടെ വയൽ, പൊളിച്ച മതിൽ എന്നിവ പൂർവസ്ഥിതിയിലാക്കി നൽകും. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന ചർച്ചയിൽ തീരുമാനം ഉണ്ടാകും. തുടർനടപടികൾ ചർച്ചയിൽ തീരുമാനിക്കുമെന്നും മന്ത്രിസഭ അറിയിച്ചു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഓൺ ലൈനായാണ് യോഗം ചേർന്നത്. തൃശൂർ കളക്ടറേറ്റിൽ നിന്നും മന്ത്രിമാരായ വി.എൻ വാസവൻ, ആർ. ബിന്ദു, കെ. രാജൻ, എം.ബി രാജേഷ്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രിമാരാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.