Home » Blog » kerala Max » തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പാലിയേറ്റീവ് കെയർ വാർഡ് ആരംഭിക്കും: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
2

തിരുവനന്തപുരം: കേരളത്തിൽ പ്രായാധിക്യം മൂലവും വിവിധ രോഗങ്ങളാലും പ്രയാസമനുഭവിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സാന്ത്വന പരിചരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പാലിയേറ്റീവ് കെയർ വാർഡ് ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തിരുവനന്തപുരം ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (TIPC) സംഘടിപ്പിച്ച “സാന്ത്വന സംഗമം 2026” -ന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ നാൽപതിലധികം പാലിയേറ്റീവ് കെയർ യൂണിറ്റുകളിലെ സന്നദ്ധപ്രവർത്തകർക്കായി സംഘടിപ്പിച്ച പരിശീലന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാന്ത്വന പരിചരണ പ്രവർത്തകർ സമർപ്പിച്ച നിവേദനം സ്വീകരിച്ചുകൊണ്ട്, കേരളത്തിൽ പാലിയേറ്റീവ് കെയറിന്റെ വർധിച്ചുവരുന്ന ആവശ്യകതയും നിലവിലുള്ള പരിചരണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രായമായവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആവശ്യമായ പരിചരണം എല്ലാവർക്കും സമയബന്ധിതമായി ലഭ്യമാക്കാൻ കേരളത്തിലെ പാലിയേറ്റീവ് കെയർ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ TIPC പ്രസിഡന്റ് ആർ. എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് തലത്തിൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ നിരീക്ഷണ സംവിധാനം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അവർ തന്റെ മുഖ്യപ്രഭാഷണത്തിൽ വ്യക്തമാക്കി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നും മറ്റിതര ഫണ്ടിൽ നിന്നും കൂടുതൽ തുക പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സൂചിപ്പിച്ചു

പാലിയം ഇന്ത്യ എമിരിറ്റസ് ചെയർമാൻ പത്മശ്രീ ഡോ. എം. ആർ. രാജഗോപാൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സാന്ത്വന പരിചരണ രംഗത്തേക്ക് യുവാക്കൾ കടന്നുവരുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. നിംസ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിങ് ഡയറക്ടർ എം. എസ്. ഫൈസൽ ഖാനും ചടങ്ങിൽ പങ്കെടുത്തു.

TIPC ചെയർമാൻ ഫാദർ ജസ്റ്റിൻ ജോസിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ സീനിയർ ആർ.എം.ഒ. ഡോ. സി. വി. പ്രശാന്ത്, ജില്ലാ പാലിയേറ്റീവ് കോഓർഡിനേറ്റർ റോയ് ജോസ്, ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ സെക്രട്ടറി സാലിഹ് വളാഞ്ചേരി എന്നിവർ വിവിധ വിഷയങ്ങളിൽ അവതരണങ്ങൾ നടത്തി. സാന്ത്വന പരിചരണത്തിന്റെ വിവിധ വശങ്ങൾ, സേവനങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകത, യുവജനങ്ങളുടെ പങ്കാളിത്തം എന്നിവ ചർച്ചകളിൽ വിഷയമായി.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇ.എൻ.ടി. വിഭാഗം പ്രൊഫസർ ഡോ. പി. വി. അജയൻ, കേരള സർവകലാശാല സോഷ്യോളജി വിഭാഗം പ്രൊഫസർ ബീനമോൾ എന്നിവരും ആശംസകൾ നേർന്നു.

തിരുവനന്തപുരം ജില്ലയിലെ വിവിധ പാലിയേറ്റീവ് കെയർ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾക്കും വിവിധ കോളേജുകളിൽ നിന്നുള്ള നൂറോളം വിദ്യാർഥികൾക്കും പരിശീലന സംഗമത്തിലും സെമിനാറുകളിലും പങ്കെടുക്കാൻ അവസരം ലഭിച്ചു. സാന്ത്വന പരിചരണ രംഗത്ത് സന്നദ്ധപ്രവർത്തകരുടെയും യുവജനങ്ങളുടെയും പങ്കാളിത്തം വർധിപ്പിക്കുകയും സേവന ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

TIPC സെക്രട്ടറി ജി.വി. വിനേഷ്, ട്രഷറർ ജി. എസ്. മനോജ്, വൈസ് പ്രസിഡന്റ് ഷീല എബ്രഹാം, വർക്കിങ് പ്രസിഡന്റ് ഖാലിദ് പനവിള, ജോയിന്റ് സെക്രട്ടറി ഷാജഹാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ആർ എസ്  ശ്രീകുമാർ (പ്രസിഡന്റ് TIPC), ഫോൺ: 94470 83988

ജി.വി. വിനേഷ്  (സെക്രട്ടറി TIPC ), ഫോൺ: 90722 20773

Leave a Reply

Your email address will not be published. Required fields are marked *