Home » Blog » kerala Max » തിരുപ്പതിയിൽ ലഡ്ഡു വിൽപ്പനയിൽ സർവ്വകാല റെക്കോർഡ്; ഒരു മാസത്തിനിടെ വിറ്റഴിച്ചത് 1.21 കോടി ലഡ്ഡു!
laddu0-680x450

തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ലഡ്ഡു പ്രസാദം വിൽപനയിൽ പുതിയ റെക്കോർഡ്. കഴിഞ്ഞ മെയ് മാസത്തിൽ മാത്രം 1,21,35,528 ലഡ്ഡുക്കളാണ് ക്ഷേത്രത്തിൽ വിറ്റഴിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപനയാണിത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ലഡ്ഡു വിൽപനയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2024 മെയ് മാസത്തിൽ 1.01 കോടിയും, 2025 മെയ് മാസത്തിൽ 1.1 കോടിയും ലഡ്ഡു വിറ്റ സ്ഥാനത്താണ് ഇത്തവണ 1.21 കോടിയിലധികം ലഡ്ഡു വിറ്റ് മുൻ റെക്കോർഡുകളെല്ലാം തിരുമല തിരുപ്പതി ദേവസ്ഥാനം മറികടന്നത്.

ഭക്തരുടെ എണ്ണത്തിലും ആവശ്യക്കാരിലും ഉണ്ടായ വൻ വർദ്ധനവ് കണക്കിലെടുത്ത് ക്ഷേത്രത്തിലെ ലഡ്ഡു ഉൽപ്പാദനവും അധികൃതർ ഗണ്യമായി ഉയർത്തിയിട്ടുണ്ട്. നിലവിൽ പ്രതിദിനം നാല് ലക്ഷത്തിലധികം ലഡ്ഡുക്കളാണ് ഇവിടെ തയ്യാറാക്കുന്നത്. ഇതിനായി മാത്രം ദിവസേന 68 ടൺ നിർമ്മാണ സാമഗ്രികളാണ് ഉപയോഗിക്കുന്നത്. ഇതിൽ 32 ടൺ പഞ്ചസാര, 16 ടൺ കടലമാവ്, 16 ടൺ നെയ്യ് എന്നിവ ഉൾപ്പെടുന്നു. ഒരു ലഡ്ഡു നിർമ്മിക്കാൻ മാത്രം ഏകദേശം 170 ഗ്രാം സാമഗ്രികൾ ആവശ്യമാണ്. ഭക്തർക്ക് ലഡ്ഡു വിതരണം സുഗമമാക്കുന്നതിനായി ക്ഷേത്രവളപ്പിൽ ആകെ 56 ലഡ്ഡു കൗണ്ടറുകളാണ് നിലവിൽ സജ്ജമാക്കിയിരിക്കുന്നത്.