തിരുവനന്തപുരം: ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ-ഓർഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സംഭവം വളരെ ഗൗരവമുള്ളതാണെന്നും ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ ഇവർ പിടിക്കപ്പെടില്ലായിരുന്നുവെന്നും ദൃശ്യങ്ങൾ സഹിതം അദ്ദേഹം വ്യക്തമാക്കിമുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്ഥിരം സന്ദർശകരാണ് പിടിയിലായവരെന്ന് പറഞ്ഞ അദ്ദേഹം, ലഹരിവിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ തന്നെ ലഹരിക്കടത്തിന് നേതൃത്വം നൽകുകയാണെന്നും കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ നീക്കം ചെയ്യാൻ മെറ്റയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിൽ കാണാതായവർക്കുള്ള ധനസഹായത്തിന് ഏഴ് വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയെന്ന വി.ഡി. സതീശന്റെ വാദം തെറ്റാണെന്നും ഓഖി കാലത്ത് നിയമം മറികടന്നാണ് സഹായം വിതരണം ചെയ്തതെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. മത്സ്യത്തൊഴിലാളികൾക്ക് സാറ്റ്ലൈറ്റ് ഫോണും റീചാർജ് സൗകര്യവും നൽകണം. രക്ഷാപ്രവർത്തനത്തിന് പരിശീലനം നൽകി പിരിച്ചുവിട്ട ഇരുന്നൂറോളം പേരെ അടിയന്തരമായി തിരിച്ചെടുക്കണം. കടലിലെ രക്ഷാപ്രവർത്തനത്തിനായി പ്രത്യേക ആംബുലൻസുകൾ പുനഃസ്ഥാപിക്കണം. ചെറുപുഴ രാജേഷിന്റെ മരണവുമായി ബന്ധപ്പെട്ട്, സ്വന്തം റിസ്കിലായിരിക്കണം രക്ഷാപ്രവർത്തനമെന്ന് ഒരു മന്ത്രി പറയുമോയെന്നും അദ്ദേഹം ചോദിച്ചു.
ടി.ജെ. മോഹൻദാസ് ക്രൂരമായ പരസ്യപ്രതികരണം നടത്തിയ ആളാണെങ്കിലും പത്ത് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും ജാമ്യം ലഭിക്കാനാവശ്യമായ സഹായം പൊലീസും പ്രോസിക്യൂഷനും ചെയ്തു നൽകിയെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് കോടതി അദ്ദേഹത്തിന് ജാമ്യം നൽകിയത്. ഡോക്ടർ റാമിന്റെ കേസിലും ഇതേ സമീപനമാണ് പൊലീസ് സ്വീകരിച്ചത്. വന്ദേമാതരത്തിന്റെ രണ്ട് ചരണം മാത്രമേ പാടാവൂ എന്നും ഇടതുപക്ഷ ശക്തികൾ ബാക്കി അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരം കിട്ടിയ അപ്പോൾ മുതൽ തലങ്ങും വിലങ്ങും സ്ഥലം മാറ്റങ്ങളാണെന്നും, കാത്തിരുന്നോ സ്ഥലം മാറ്റി കളയുമെന്ന് മുഖ്യമന്ത്രി തന്നെ പറയുന്ന അഹന്ത ഇപ്പോൾ ഉദ്യോഗസ്ഥരിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാസർകോട് കളക്ട്രേറ്റിലെ ജീവനക്കാരന്റെ ആത്മഹത്യ ഇതിന്റെ ഭാഗമാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
