Your Image Description Your Image Description

ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം സൗഖ്യ പദ്ധതിയുടെ ഭാഗമായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നു. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്), ടൈപ്പ് 1 ഡയബറ്റിക്‌സ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലയില്‍ ടൈപ്പ് 1 പ്രമേഹബാധിതരായ 300ഓളം കുട്ടികള്‍ക്ക് പദ്ധതിയുടെ ഭാഗമായി തുടര്‍ച്ചയായ ഗ്ലൂക്കോസ് നിര്‍ണയ സംവിധാനം (സിജിഎം) സൗജന്യമായി ലഭ്യമാക്കും. കോഴിക്കോട്ടെ വിവിധ ആശുപത്രികള്‍, ലയണ്‍സ്, റോട്ടറി ക്ലബുകള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍, വ്യാപാരി-വ്യവസായി സംരംഭകര്‍, സേവന സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ 1000 സിജിഎമ്മുകള്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ആഗസ്റ്റ് 15ഓടെ ജില്ലയിലെ എല്ലാ ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികള്‍ക്കും സിജിഎം സംവിധാനം ലഭ്യമാക്കും വിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഡയറ്റിന്റെ നേതൃത്വത്തില്‍ അര്‍ഹരായ എല്ലാ കുട്ടികളുടെയും വിവരശേഖരണം പൂര്‍ത്തിയാക്കുകയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സിജിഎമ്മുകള്‍ വിതരണം ചെയ്യുകയും ചെയ്യും.

കുട്ടികളെ ആരോഗ്യകരമായ ജീവിതശൈലികള്‍ പരിശീലിപ്പിക്കുക, ടൈപ്പ് 1 പ്രമേഹബാധിതരായ കുട്ടികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള ഗവേഷണാത്മക പഠനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും പ്രോത്സാഹനം നല്‍കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ തകരാറോ അഭാവമോ ആണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണമാകുന്നത്. ടൈപ്പ് 1 പ്രമേഹബാധിതര്‍ക്ക് ശരിയായ പരിചരണം ലഭിക്കാത്തതിനാല്‍ പ്രതീക്ഷിക്കുന്ന ആയുര്‍ദൈര്‍ഘ്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വികസിത രാജ്യങ്ങളില്‍ ടൈപ്പ് 1 പ്രമേഹബാധിതരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 70 വയസ്സിന് മുകളിലാണെങ്കില്‍, ഇന്ത്യയില്‍ ഇത് 35 വയസ്സില്‍ താഴെയാണ്.

ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ റോട്ടറി, ലയണ്‍സ്, വിവിധ ആശുപത്രികള്‍, പത്ര-മാധ്യമ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍, പൗരപ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
ജീവിത ശൈലി രോഗങ്ങള്‍ക്കെതിരായ സമഗ്ര അവബോധ-പ്രതിരോധ പരിപാടിയായ ‘സൗഖ്യ’യുടെ വിജയത്തിനായി എല്ലാവരുടെയും പൂര്‍ണ സഹകരണം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു

Related Posts