Home » Blog » Kerala » ടിവികെയുടെ വിജയം പ്രവചിച്ച ജോത്സ്യനെ സർക്കാർ ഉദ്യോഗസ്ഥനായി നിയമിച്ച് വിജയ്
18

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ (OSD) ആയി പ്രശസ്ത ജ്യോത്സ്യൻ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലനെ നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിന്റെ പാർട്ടിയായ ടിവികെ (TVK) വൻ വിജയം നേടുമെന്നും വിജയ് മുഖ്യമന്ത്രിയാകുമെന്നും ഒരു വർഷം മുൻപേ പ്രവചിച്ച വ്യക്തിയാണ് രാധൻ പണ്ഡിറ്റ്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരമാണ് ‘ഒഎസ്ഡി (പൊളിറ്റിക്കൽ)’ തസ്തികയിലേക്കുള്ള ഈ നിയമനം. രാഷ്ട്രീയ ഏകോപനം, ഭരണപരമായ കാര്യങ്ങളിലെ വർക്കുകൾ തുടങ്ങിയവയിലായിരിക്കും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുക. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിജയിന്റെ ഈ നീക്കം.

സത്യപ്രതിജ്ഞാ ചടങ്ങിന്റെ സമയക്രമം മാറ്റിയതിലും രാധൻ പണ്ഡിറ്റിന്റെ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മെയ് 10-ന് വൈകുന്നേരം നടക്കേണ്ടിയിരുന്ന ചടങ്ങ് ജ്യോതിഷപരമായ മുഹൂർത്തം പരിഗണിച്ച് രാവിലെ പത്ത് മണിയിലേക്ക് മാറ്റുകയായിരുന്നു. വിജയിന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിൽ രാധൻ പണ്ഡിറ്റിന്റെ ഉപദേശങ്ങൾ തേടാറുള്ളതായാണ് വിവരം.