Home » Blog » Kerala » കേരളത്തിൽ വരുംദിവസങ്ങളിൽ അതിശക്തമായ മഴ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, കാലവർഷം ഉടനെത്തും
rain56-680x450

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേയ് 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെട്ടേക്കും. ഇതിനു പുറമെ, തെക്കൻ കർണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും മഴ കനക്കാൻ കാരണമാകും. ഈ സാഹചര്യത്തിൽ കേരളത്തിലും മാഹിയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ ആഴ്ച അവസാനത്തോടെ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ കടലിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിക്കുന്നതോടെ കേരളത്തിലും വരും ആഴ്ചകളിൽ മഴ കൂടുതൽ സജീവമാകും. ഇത് വേനൽച്ചൂടിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വരും ദിവസങ്ങളിലെ മഴയുടെ തീവ്രതയനുസരിച്ച് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചേക്കും.