Home » Blog » Cinema » ടിനി ടോമിനെതിരായ അൻസിബ ഹസന്റെ പരാതി; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ചു
17

കൊച്ചി: താരസംഘടന ‘അമ്മ’യിൽ നിലവിലുള്ള ആഭ്യന്തര തർക്കങ്ങൾ പരിശോധിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും പുറമെ രമേശ്‌ പിഷാരടി, പൊന്നമ്മ ബാബു, മുത്തുമണി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതി സമിതി പരിശോധിക്കും.

എന്നാൽ, സമിതിക്ക് മുന്നിൽ എത്തുമോ എന്ന കാര്യത്തിൽ അൻസിബ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്വേതാ മേനോൻ ഉൾപ്പെട്ട സമിതി തന്റെ പരാതി കേൾക്കുന്നതിൽ കാര്യമില്ലെന്നാണ് നടി നേരത്തെ പറഞ്ഞിരുന്നത്. ശ്വേതാ മേനോനും തന്റെ പരാതിയിൽ ആരോപണവിധേയ ആണെന്നാണ് നടി വ്യക്തമാക്കിയത്.

അതേസമയം, അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ ആരോപണങ്ങളുമായി അൻസിബ രംഗത്തെത്തിയത്. ടിനി ടോം തന്നെ മതതീവ്രവാദിയായി ചിത്രീകരിച്ചുവെന്നും അവിഹിതക്കഥകൾ പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ ആരോപണം.

എന്നാൽ, ടിനി ടോം ഈ ആരോപണങ്ങൾ നിഷേധിച്ചു. അമ്മയിൽ സജീവമായി പ്രവർത്തിക്കുന്ന തന്റെ വളർച്ചയെ ഭയന്ന് ഗൂഢാലോചന നടക്കുന്നുവെന്നായിരുന്നു നടന്റെ പ്രതികരണം.