
കോഴിക്കോട്: തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെന്ന് കരുതി തലയിൽ കൈവെച്ച് ‘അയ്യോ പാവം’ പറഞ്ഞിരിക്കുന്ന പാർട്ടിയല്ല സി.പി.എം എന്ന് മുതിർന്ന നേതാവ് എം.എം. മണി. തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും നേതൃത്വത്തിനോ സർക്കാരിനോ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ നേതൃത്വത്തിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നേതൃത്വം തന്നെ തിരുത്തും. പാർട്ടിയും മുന്നണിയും ആവശ്യമായ തിരുത്തലുകൾ നടത്തും. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ദൗർബല്യമുണ്ടെങ്കിൽ അതും പരിശോധിച്ച് തിരുത്തലിന് വിധേയമാക്കുന്ന പാർട്ടിയാണ് സി.പി.എം എന്നും എം.എം. മണി പറഞ്ഞു.
തോൽവിയിൽ തളർന്നിരിക്കാതെ പാർട്ടി സ്വന്തം നിലപാടുകൾ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. “തിരഞ്ഞെടുപ്പ് തോറ്റു എന്നൊന്നും പറഞ്ഞ് തലയിൽ കൈവെച്ച് ‘അയ്യോ പാവം’ പറയുന്ന പാർട്ടിയല്ല. എന്തുകൊണ്ട് തോറ്റു, ഞങ്ങൾ തിരുത്തേണ്ടതുണ്ടോ, ഞങ്ങളുടെ നിലപാടിൽ മാറ്റം വരുത്തേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് തിരുത്തുന്ന പാർട്ടിയാണ് ഞങ്ങളുടേത്,” മണി പറഞ്ഞു.
സംസ്ഥാന കമ്മിറ്റി പാർട്ടി സെക്രട്ടറിയെ ശാസിച്ചെന്ന പ്രചാരണത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും എം.എം. മണി വ്യക്തമാക്കി. “സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയെ ശാസിച്ചോ എന്നൊന്നും എനിക്കറിയില്ല. ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ല. ചുമ്മാ എന്തെങ്കിലും വല്ല വിവരക്കേടും പറഞ്ഞിട്ട് അത് എന്നോട് ചോദിച്ചിട്ട് കാര്യമില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
