Home » Blog » kerala Max » ടാലന്റ് പബ്ലിക് സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു
5

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ കേരളപ്പിറവി ദിനാഘോഷം.

വടക്കാങ്ങര : കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. കേരളത്തിന്റെ തനത് വേഷവിധാനങ്ങളണിഞ്ഞ് അണിനിരന്ന കുരുന്നുകളുടെ പ്രകടനവും വിവിധ കലാ-സാംസ്കാരിക പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.
കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ചരിത്രവും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രത്യേക അസംബ്ലി വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കേരളത്തെക്കുറിച്ചുള്ള പ്ലക്കാർഡ് പ്രദർശനം, കേരള മാപ്പ് കളറിംഗ്, കേരളത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം തുടങ്ങി നിരവധി പരിപാടികൾ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. കുട്ടികൾ സ്വന്തം കൈകളാൽ നിർമ്മിച്ച വിവിധ കരകൗശല വസ്തുക്കളുടെ പ്രദർശനവും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
ആഘോഷ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സാഹിദ ഖാലിദ്, മലയാളം വിഭാഗം അധ്യാപകരായ ജിഷ്ണുദാസ്, നദീറ,  മറീന, മോണ്ടിസോറി ഹെഡ് ആബിദ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കേരളത്തിന്റെ ഭാഷയും സംസ്കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും മലയാള ഭാഷയോടും കേരളീയ സംസ്കാരത്തോടുമുള്ള സ്നേഹവും അഭിമാനവും വളർത്തുന്നതിനും ആഘോഷം സഹായകമായി.

Leave a Reply

Your email address will not be published. Required fields are marked *