തിരുവനന്തപുരം: ടാറ്റയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തുന്ന പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പി. രാജീവ്. ടാറ്റ ഷിപ്പ് ബിൽഡിംഗ് മേഖലയിൽ പതിനായിരം കോടി രൂപ നിക്ഷേപിക്കാൻ പോകുന്നുവെന്ന് മുഖ്യമന്ത്രി അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ തങ്ങൾ അങ്ങനെയൊരു പദ്ധതി ആലോചിച്ചിട്ടില്ലെന്ന് ടാറ്റ വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിയും കേരളവും അപഹാസ്യരായെന്ന് പി. രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
ആർസ്റ്റൻ കമ്പനിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ ചർച്ചകൾ നടക്കുകയും മലബാർ സിമന്റ്സുമായി ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തിരുന്നതായി അദ്ദേഹം വ്യക്തമാക്കി. പോർട്ട് ട്രസ്റ്റുമായി ചർച്ച നടത്തി സ്ഥലം മാറ്റി അനുവദിച്ച ഉത്തരവിന്റെ കോപ്പിയും പോസ്റ്റിനൊപ്പം പുറത്തുവിട്ട പി. രാജീവ്, തീരുമാനമെടുക്കാതെ കിടന്ന കാര്യത്തിൽ താൻ തീരുമാനമെടുത്തു എന്ന മുഖ്യമന്ത്രിയുടെ വാദം പൂർണ്ണമായും തെറ്റാണെന്ന് സ്ഥാപിച്ചു.
കേരളത്തിലെ നിക്ഷേപ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുന്ന രീതിയിൽ നുണകൾ പ്രചരിപ്പിക്കുന്നത് സംസ്ഥാനത്തിന് തന്നെ ദോഷകരമാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ആത്മസംതൃപ്തി അടയുന്ന മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകരുതെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.
