Home » Blog » Kerala » മോദിയുടെ നീറ്റ് പ്രസ്താവനയെ ട്രോളി അഭിജീത്ത് ദീപ്കെ; ജന്തർമന്തറിൽ പ്രതിഷേധം ശക്തം
abhijith-deepke-1-800x450

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതികരണത്തിനെതിരെ രൂക്ഷപരിഹാസവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത്ത് ദീപ്കെ. യുവാക്കളുടെ ക്ഷേമത്തേക്കാൾ പ്രധാനമായി മറ്റൊന്നുമില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ ആയുധമാക്കിയാണ് അഭിജീത്ത് സോഷ്യൽ മീഡിയയിൽ പുതിയ ട്രോൾ പോസ്റ്റുമായി രംഗത്തെത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഹായ്, എന്റെ പേര് നത്തിങ്’ എന്നാണ് അദ്ദേഹം കുറിച്ചത്.

 

രാജ്യത്ത് നീറ്റ് ചോദ്യക്കടലാസ് ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും വലിയ കോലാഹലങ്ങൾ സൃഷ്ടിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നത്. യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ചോദ്യക്കടലാസ് ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി എക്സിൽ വ്യക്തമാക്കിയിരുന്നു. കുറ്റക്കാർക്ക് മാപ്പുണ്ടാകില്ലെന്നും ഇതിനായി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

 

പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയിലെ ‘നത്തിങ് ഈസ് മോർ ഇമ്പോർട്ടന്റ്…’ (ഒന്നും ഇതിനേക്കാൾ പ്രധാനമല്ല) എന്ന ഇംഗ്ലീഷ് വരിയെയാണ് അഭിജീത്ത് ദീപ്കെ പരിഹാസ രൂപേണ ഏറ്റുപിടിച്ചത്. ഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പി. നടത്തിവരുന്ന പ്രതിഷേധം കൂടുതൽ കരുത്താർജ്ജിക്കുന്നതിനിടയിലാണ് ഈ വിവാദ പോസ്റ്റ് ചർച്ചയാകുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ആവർത്തിക്കുമ്പോഴും, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എന്നതൊഴിച്ചാൽ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് സി.ജെ.പി.യുടെയും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെയും നിലപാട്.