Your Image Description Your Image Description

തിരുവനന്തപുരം : പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

തുടക്കത്തിൽ 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയാണ് പെയ്ഡ് പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ 23 ആശുപത്രി സഹകരണ സംഘങ്ങൾ ഈ സുപ്രധാന സേവനം വിജയകരമായി നൽകി വരുന്നുണ്ട്. ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത, പാലക്കാട് ജില്ലയിൽ പാലക്കാട് ജില്ലാ സഹകരണ ആശുപത്രിയുടെ കീഴിൽ പദ്ധതി സൗജന്യമായി നൽകുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാന്ത്വനപരിചരണം ലഭ്യമാക്കുകയാണ് ഇതിലൂടെ.

പദ്ധതിയുടെ ഗുണഭോക്താക്കൾ ആകാൻ നിശ്ചിത തുക സഹകരണ ആശുപത്രി സംഘത്തിൽ അടച്ച് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യുന്ന രോഗികൾ ചികിത്സാ ആവശ്യം അറിയിക്കുന്ന മുറയ്ക്ക് രോഗിയെ ബന്ധപ്പെട്ട സഹകരണ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി തിരികെ വീടുകളിൽ എത്തിക്കുകയും, തുടർ ചികിത്സ ആവശ്യമെങ്കിൽ നിശ്ചിത ഇടവേളകളിൽ താമസസ്ഥലത്തെത്തി രോഗനിർണയ പരിശോധനകൾ നടത്തുകയും ചെയ്യുന്നു. ഇതിന് ഫീസ് ഈടാക്കും. ആശുപത്രി സഹകരണ സംഘങ്ങളുടെ കീഴിലുള്ള നീതി ലാബുകൾ, മെഡിക്കൽ സ്‌റ്റോറുകൾ, സ്‌കാനിംഗ് സെന്ററുകൾ, ഇസിജി തുടങ്ങിയവ മുഖേന വ്യത്യസ്ത സേവനങ്ങൾ നൽകുന്നത് വഴി സഹകരണമേഖല ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

സഹകരണ മേഖലയുടെ ശക്തിയും ജനകീയ പങ്കാളിത്തവും പ്രയോജനപ്പെടുത്തിക്കൊണ്ട്, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് സഹായമേകാൻ ഈ പാലിയേറ്റീവ് കെയർ പദ്ധതിക്ക് കഴിയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts