Home » Blog » Kerala » ” ‘ജിഹാദി കമ്മ്യൂണിസ്റ്റ്’ എന്നത് മോശം വാക്കല്ല, ഒരു തൊപ്പി കണ്ടാൽ പോലും തല കറങ്ങുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല” – കെ.ഇ.എന്‍
7

കോഴിക്കോട്: ഇടതുപക്ഷ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്. തനിക്കെതിരെ സന്ദേശമയച്ച വ്യക്തിക്ക് ‘തെറ്റിദ്ധാരണ’പറ്റിയതാണെന്ന് കെ.ഇ.എൻ വ്യക്തിമാക്കി. ‘ജിഹാദി കമ്മ്യൂണിസ്റ്റ്’ എന്നത് മോശം വാക്കല്ലെന്നും ആഴത്തിലറിഞ്ഞാൽ അതൊരു ഗംഭീരമായ വിശേഷണമാണെന്നും ചരിത്രബോധം കുറഞ്ഞവർക്കും ‘അറബിവാക്കുകൾ’ അപകടകരമാണെന്ന് കരുതുന്നവർക്കും ഒരു തൊപ്പി കണ്ടാൽ പോലും തല കറങ്ങുന്നവർക്കും ‘ഇപ്പോൾ’ അത് മനസ്സിലാവുകയില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സെമിനാറിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട്, സിപിഎം നേതാക്കളടക്കമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കെ.ഇ.എന്നിനെതിരെ വിമർശനം ഉയർന്നത്. ‘കെ.ഇ.എന്നിന് നമ്മൾ എന്തിനാണ് സ്‌പേസ് കൊടുക്കുന്നത്?, നമ്മുടെ സംഘടന സഖാക്കൾ പണി എടുത്ത് ആളുകളെ എത്തിച്ച് ഇയാൾക്ക് ഓഡിയൻസ് ഉണ്ടാക്കണോ?’ എന്നായിരുന്നു ഗ്രൂപ്പിൽ വന്ന ചോദ്യം.

ഈ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് കെ.ഇ.എൻ തന്നെ മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തനിക്കെതിരെ ഗ്രൂപ്പിൽ കുറിപ്പിട്ടത് പേരാമ്പ്ര സ്വദേശിയായ അർജുൻ മാഷാണെന്നും, തനിക്ക് ‘തെറ്റിദ്ധാരണ’ സംഭവിച്ചതാണെന്ന് അദ്ദേഹം വാട്‌സ്ആപ്പ് വഴി അറിയിച്ചതായും കെ.ഇ.എൻ വ്യക്തമാക്കി. അദ്ദേഹം തന്റെ സ്വന്തം സഖാവായതിനാൽ ഇനി വ്യക്തിപരമായ പരാമർശങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.