കോഴിക്കോട്: വിവാദ യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനും കൂട്ടർക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി റവഡ ചന്ദ്രശേഖർ. സംസ്ഥാന സൈബര്‍ ഓപറേഷന്‍സ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണച്ചുമതല. അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോക്‌സോ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്-എംഡിഎംഎ ഉപയോഗവും വിതരണവും, മാനസികവും ശാരീരികവുമായ പീഡനങ്ങള്‍, അശ്ലീല പ്രചാരണം, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ആരോപണങ്ങളിൽ സൈബര്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.
തൊപ്പിയും കൂട്ടാളികളും ചേര്‍ന്ന് തന്റെ കുടുംബത്തെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കാനും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാനും ശ്രമിച്ചുവെന്ന കടുത്ത ആരോപണവുമായി പ്രമുഖ ഗായകന്‍ ഹനാന്‍ ഷായും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
അതേസമയം, വരുംതലമുറയുടെ ഭാവി തകർക്കുന്ന ഈ ക്രിമിനലുകൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ ഉണ്ടായേ തീരൂവെന്ന് അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു. അന്വേഷണ ഉത്തരവിനോടുള്ള പ്രതികരണമായാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
ലക്ഷക്കണക്കിന് കുട്ടികൾ തത്സമയം കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ (Blurred) ചെയ്ത രീതിയിൽ സ്വയംഭോഗംവരെ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇവർ സൈബർ ഇടങ്ങളെ മലിനമാക്കിയത്! ഇതിനുപുറമേ, പ്രമുഖ സെലിബ്രിറ്റികളുടെ കുടുംബത്തിലെ സ്ത്രീകളെപ്പോലും അങ്ങേയറ്റം അശ്ലീലമായ രീതിയിൽ അധിക്ഷേപിക്കുന്ന (Slut-shaming) ഫോൺ ഓഡിയോ ക്ലിപ്പുകളാണ് ഇവർ ലൈവിലൂടെ പരസ്യമായി പങ്കുവെക്കുന്നത്. യൂട്യൂബ് സ്ട്രീമിങ്ങിന്റെയും, വ്ലോഗിങ്ങിന്റെയും മറവിൽ കേരളത്തിലെ വരുംതലമുറയെ ഒന്നടങ്കം അരാഷ്ട്രീയവത്കരിച്ച്, പാരലൽ ലോകത്തെത്തിച്ച് മയക്കുമരുന്നുകളുടെ അടിമകളാക്കി ഓൺലൈൻ ബിസിനസിൽ തടിച്ച് കൊഴുക്കുകയും, കുട്ടികളെ ലൈംഗികമായും അല്ലാതെയും ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന ആരോപണങ്ങൾ തൊപ്പിയെപോലുള്ള സാമൂഹികവിരുദ്ധർ പരസ്പരമുള്ള പകപോക്കലിൽ വിളിച്ചു പറയുമ്പോൾ അക്കാര്യത്തിൽ വരുംതലമുറയുടെ നിലനിൽപ്പിനെ മുൻനിർത്തി ചോദ്യം ചെയ്യാതെ വയ്യെന്നും കുറിപ്പില്‍ പറയുന്നു.
