തൃശൂർ: ബി.ജെ.പി തൃശൂർ സൗത്ത് ജില്ല പ്രസിഡന്റിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ. എ.ആർ ശ്രീകുമാറിനെതിരെയാണ് ഭാര്യ കഴിഞ്ഞ ദിവസം മതിലകം പൊലീസിൽ പരാതി നൽകിയത്. ഇതിൽ വധശ്രമത്തിന് അടക്കം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് വെള്ളിയാഴ്ച ഭാര്യ പ്രിയങ്ക മാധ്യമങ്ങളോടടക്കം വെളിപ്പെടുത്തിയത്. കേസ് കൊടുത്തതിന് പിന്നാലെ ബി.ജെ.പി അണികളിൽനിന്ന് ആക്ഷേപങ്ങളും ഭീഷണിയും നേരിടേണ്ടി വരുന്നുണ്ടെന്നും ഇവർ പറയുന്നു.
സ്വന്തം വീട്ടിൽ പോയി മടങ്ങിയെത്താൻ അൽപം താമസിച്ചതിനാണ് കഴിഞ്ഞ ദിവസം ശാരീരിക അതിക്രമം നടത്തിയത്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിലാണ് ശ്രീകുമാറിന്റെ ക്രൂരമർദത്തിന് ഇരയായതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വന്തം വീട്ടിൽനിന്ന് ആലയിലെ ശ്രീകുമാറിന്റെ വീട്ടിലേക്ക് എത്താൻ വൈകിയെന്ന് പറഞ്ഞായിരുന്നു മർദനം.
മുടിക്ക് കുത്തിപ്പിടിച്ച് വലിക്കുകയും ചുമരിൽ തല ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. മർദനത്തെ തുടർന്ന് പ്രിയങ്ക കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. മതിലകം പൊലീസിൽ ഇവർ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനി ശ്രീകുമാറിനൊപ്പം പോകില്ലെന്നും കേസുമായി മുന്നോട്ടുപോകുമെന്നുമാണ് ഇവർ പറയുന്നത്.
