കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ടത് നാണംകെട്ട തോൽവിയാണെന്ന് തുറന്നുസമ്മതിച്ച് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി. കനത്ത തോൽവിയെക്കുറിച്ച് പാർട്ടി ആഴത്തിൽ പഠിക്കുമെന്നും തോൽക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കുമെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായാണ് നേരിട്ടത്. അതുകൊണ്ടുതന്നെ തോൽവിയുടെ ഉത്തരവാദിത്തം ഏതെങ്കിലും ഒരാളുടെമേൽ മാത്രം അടിച്ചേൽപ്പിക്കേണ്ടതില്ലെന്നും ശ്രീമതി വ്യക്തമാക്കി.
പാർട്ടിയുടെ ശക്തമായ കോട്ടകളിൽ ഒന്നായ പയ്യന്നൂരിലെ പരാജയത്തെക്കുറിച്ചും ശ്രീമതി പ്രതികരിച്ചു. ജനങ്ങളുടെ യഥാർത്ഥ വികാരം മനസ്സിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം. പയ്യന്നൂരിലുണ്ടായ അതേ ജനവികാരത്തിന്റെ കാറ്റ് തൃക്കരിപ്പൂരിലും വീശിയെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. അതേസമയം, ജനവിധി മാനിച്ച് പുതിയതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് സ്വാഗതാർഹമാണെന്നും പി.കെ. ശ്രീമതി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ യുവനേതാക്കൾക്കായി വഴിമാറിക്കൊടുക്കേണ്ട സമയമായി എന്ന സി.പി.ഐ.എം മുൻ പൊളിറ്റ് ബ്യൂറോ അംഗം ഹനൻ മൊള്ളയുടെ പ്രതികരണം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്ന് ശ്രീമതി വിശദീകരിച്ചു.
