സംസ്ഥാനത്ത് വേനൽമഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മെയ് 11 വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മെയ് 7-ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മെയ് 8-ന് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. മഴ ശക്തമാകുന്നതോടെ ചൂടിന് വലിയ ശമനം ലഭിക്കുമെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മരം വീഴുന്നതിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം.
