
സമീപകാലത്ത് സിനിമാ മേഖലയിൽ തരംഗമായി മാറിയ റീ റിലീസ് നിരയിലേക്ക് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി ചിത്രം ‘കല്യാണരാമൻ’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. 24 വർഷങ്ങൾക്ക് ശേഷം അത്യാധുനിക 4K ദൃശ്യനിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദമികവിലുമാണ് ചിത്രം പുനരവതരിപ്പിക്കുന്നത്. നടൻ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് വലിയൊരു സമ്മാനമായി ചിത്രത്തിന്റെ റീ റിലീസ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
2002-ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ‘കല്യാണരാമൻ’ സംവിധാനം ചെയ്തത് ഷാഫിയാണ്. ബെന്നി പി. നായരമ്പലം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ഈ ചിത്രം ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ ആണ് നിർമ്മിച്ചത്. ബിഗ് സ്ക്രീനിലേക്ക് വീണ്ടും എത്തുമ്പോൾ, മലയാളികളെ പൊട്ടിച്ചിരിപ്പിച്ച രാമൻകുട്ടിയും പോഞ്ഞിക്കരയും പ്യാരിയും ഒന്നിക്കുന്ന ദിലീപ്-ഇന്നസെന്റ്-സലിംകുമാർ കൂട്ടുകെട്ടിനെ വീണ്ടും കാണാനായുള്ള ആവേശത്തിലാണ് സിനിമാപ്രേമികൾ.
മുൻപ് റീ റിലീസിൽ വലിയ വിജയം കൈവരിച്ച ദേവദൂതൻ, ചോട്ടാ മുംബൈ, കിരീടം എന്നീ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് നിർവ്വഹിച്ച ഹൈ സ്റ്റുഡിയോസ് തന്നെയാണ് കല്യാണരാമന്റെയും 4K അറ്റ്മോസ് പതിപ്പ് ഒരുക്കുന്നത്. തിയറ്ററുകളിൽ സാങ്കേതികമായി ഏറെ മെച്ചപ്പെടുത്തിയ അനുഭവമായിരിക്കും പുതിയ പതിപ്പ് പ്രേക്ഷകർക്ക് സമ്മാനിക്കുക.
