Home » Blog » kerala Max » എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം 53 ശതമാനം വർധിച്ച് 858 കോടി രൂപയായി
IMG-20261027-WA0036

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എയു സ്മോൾ ഫിനാൻസ് ബാങ്ക്, 2026 സെപ്റ്റംബർ 30-ന് അവസാനിച്ച 2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 53 ശതമാനം വർധിച്ച് 858 കോടി രൂപയായി.

ബാങ്കിന്റെ അറ്റ പലിശ വരുമാനം 32 ശതമാനം വർധിച്ച് 2,820 കോടി രൂപയിലെത്തി. അറ്റ പലിശ മാർജിൻ 5.5 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി ഉയർന്നു. അതേസമയം, ഫണ്ട് ചെലവ് 6.83 ശതമാനത്തിൽ നിന്ന് 6.41 ശതമാനമായി കുറഞ്ഞു. ക്രെഡിറ്റ് കാർഡ്, ബാങ്കിംഗ് സേവനങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ പിന്തുണയോടെ മറ്റ് വരുമാനം 16 ശതമാനം വർധിച്ച് 736 കോടി രൂപയായി.

നിക്ഷേപത്തിലും വായ്പാ വിതരണത്തിലും ബാങ്ക് മികച്ച വളർച്ച രേഖപ്പെടുത്തി. ആകെ നിക്ഷേപം 28.6 ശതമാനം വർധിച്ച് 1,70,460 കോടി രൂപയായി. കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് (സിഎഎസ്എ) നിക്ഷേപങ്ങൾ 29 ശതമാനം ഉയർന്ന് 50,289 കോടി രൂപയിലെത്തി. ആകെ വായ്പാ പോർട്ട്ഫോളിയോ 25.1 ശതമാനം വളർച്ചയോടെ 1,53,769 കോടി രൂപയായി.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) 1.99 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി (എൻഎൻപിഎ) 0.81 ശതമാനമായും കുറഞ്ഞു. ദീർഘകാല വായ്പാ റേറ്റിംഗിൽ ‘എഎ’ നിലനിർത്തിക്കൊണ്ട് ഐസിആർഎ ബാങ്കിന്റെ റേറ്റിംഗ് ഔട്ട്‌ലുക്ക് ‘സ്റ്റേബിൾ’ എന്നതിൽ നിന്ന് ‘പോസിറ്റീവ്’ ആയി ഉയർത്തി.

നേതൃനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊമേഴ്‌സ്യൽ ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബാങ്കിംഗ് വിഭാഗത്തിന്റെ സീനിയർ എക്സിക്യൂട്ടീവ് ഗ്രൂപ്പ് ഹെഡായി അനിൽ അഗർവാളിനെയും ചീഫ് റിസ്ക് ഓഫീസറായി അമോൽ പഠ്യെയെയും നിയമിച്ചു. ഈ പാദത്തിൽ 183 പുതിയ സേവന കേന്ദ്രങ്ങളും 45 ബാങ്കിംഗ് ശാഖകളും ആരംഭിച്ചു. നിലവിൽ 21 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3,103 കേന്ദ്രങ്ങളിലൂടെ 1.28 കോടിയിലധികം ഉപഭോക്താക്കൾക്ക് ബാങ്ക് സേവനം നൽകുന്നു. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റൽ സേവനങ്ങളും സ്വർണവായ്പാ വിതരണവും വിപുലീകരിച്ചു വരികയാണ്.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ പങ്കാളിയായി, ഉത്തരവാദിത്തമുള്ള വളർച്ചയ്ക്കും ഉപഭോക്തൃ സുരക്ഷയ്ക്കും മുൻഗണന നൽകി മുന്നോട്ടുപോകുമെന്ന് ബാങ്കിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സഞ്ജയ് അഗർവാൾ വ്യക്തമാക്കി. യൂണിവേഴ്സൽ ബാങ്ക് ലൈസൻസിന് തത്വത്തിൽ അംഗീകാരം ലഭിച്ച രാജ്യത്തെ ഏക സ്മോൾ ഫിനാൻസ് ബാങ്കാണ് എയു സ്മോൾ ഫിനാൻസ് ബാങ്ക്.

Leave a Reply

Your email address will not be published. Required fields are marked *