
തിരുവനന്തപുരം: ക്രൈം സിനിമകൾ കുട്ടികളിൽ അക്രമവാസന വർധിപ്പിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ. കൊറിയൻ സിനിമകൾ ഉൾപ്പെടെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. നിയമസഭയിൽ വി. മുരളീധരൻ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇന്ന് കേരളത്തിൽ ധാരാളം കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു രാജ്യത്തെ കുറ്റപ്പെടുത്തുകയല്ലെന്നും, എന്നാൽ ഇത്തരം പല സിനിമകളും കുട്ടികളിൽ അക്രമവാസന വളർത്തുന്നുവെന്ന് പൊതുജനങ്ങളിൽ നിന്നും പരാതികൾ ഉയർന്നു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ ക്രൈം സിനിമകൾ കാണാനുള്ള അവസരങ്ങൾ ഇന്ന് വർധിച്ചുവരുന്നത് കുട്ടികളിലെ അക്രമപ്രവണത കൂടാൻ കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടികളിൽ അക്രമവാസന വർധിക്കുന്നതും ഓൺലൈൻ ഗെയിമുകൾ വഴി ആത്മഹത്യ ഉൾപ്പെടെയുള്ള ദുരന്ത സംഭവങ്ങൾ ഉണ്ടാകുന്നതും തടയുന്നതിനായി ‘സൈബർ സേഫ് കേരള’ എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിവരികയാണെന്നും ആഭ്യന്തരമന്ത്രി മറുപടിയിൽ കൂട്ടിച്ചേർത്തു.
