ബോളിവുഡ് താരം കിയാര അദ്വാനി ഏഴ് മാസം ഗർഭിണിയായിരിക്കെ നേരിട്ട ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി നടിയുടെ ബോഡിഗാർഡ് സീഷാൻ ഖുറേഷി. ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആരാധകൻ താരത്തെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് വെളിപ്പെടുത്തൽ. സ്ക്രീനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ഞെട്ടിപ്പിക്കുന്ന വിവരം പങ്കുവെച്ചത്.
കിയാര ഗർഭിണിയായിരുന്ന സമയത്ത് ഷൂട്ടിംഗിന് പോകുമ്പോൾ നടൻ സിദ്ധാർത്ഥ് മൽഹോത്രയ്ക്ക് വലിയ ആശങ്കയുണ്ടായിരുന്നു. അതിനാൽ മറ്റൊരു ബോഡിഗാർഡിന് പുറമെ പ്രത്യേക ശ്രദ്ധയ്ക്കായി സിദ്ധാർത്ഥ് സീഷാനോട് കൂടി കൂടെ ചെല്ലാൻ ആവശ്യപ്പെടുകയായിരുന്നു. അതീവ ജാഗ്രതയോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്.
വാനിറ്റി വാനിൽ നിന്നും കിയാര പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് ആരാധകൻ ബാരിക്കേഡുകൾ ഭേദിച്ച് ഉള്ളിലേക്ക് കയറിവന്നത്. സ്യൂട്ട് ധരിച്ച മാന്യനെന്ന് തോന്നിപ്പിക്കുന്ന ഒരാളായിരുന്നു ഇയാൾ. താൻ കോർപ്പറേറ്റ് ലോകത്തുള്ളയാളാണെന്നും തന്നോട് മോശമായി പെരുമാറരുതെന്നും ഇയാൾ അവകാശപ്പെട്ടു. എന്നാൽ കിയാരയുടെ അടുത്തേക്ക് ഇയാൾ വീണ്ടും വീണ്ടും വരാൻ ശ്രമിച്ചതോടെ സീഷാൻ ഖുറേഷി ഇടപെട്ടു. ഒടുവിൽ ആകാശ് അംബാനിയുടെ മാനേജരെ വിളിച്ചാണ് പ്രശ്നം പരിഹരിച്ചത്. താരങ്ങളെ നേരിൽ കാണുമ്പോൾ പലർക്കും നിയന്ത്രണം നഷ്ടമാകുമെന്നും അത്തരം സന്ദർഭങ്ങളിൽ സുരക്ഷ ഒരുക്കുക വെല്ലുവിളിയാണെന്നും സീഷാൻ കൂട്ടിച്ചേർത്തു.
2023-ലായിരുന്നു സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായത്. 2025 ജൂലൈ 15-ന് ഇവർക്ക് പെൺകുഞ്ഞ് ജനിച്ചു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന, യഷ് നായകനാകുന്ന ‘ടോക്സിക്’ ആണ് കിയാരയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ടാഗ് ലൈനിലെത്തുന്ന ഈ ചിത്രം ഒരു ബിഗ് ബജറ്റ് ഹോളിവുഡ് ശൈലിയിലുള്ള സിനിമയായിരിക്കുമെന്നാണ് ടീസറുകൾ നൽകുന്ന സൂചന. യഷ് ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
