
ഭോപ്പാൽ: മധ്യപ്രദേശിൽ ഗർബ പരിപാടികളിൽ മുസ്‌ലിം യുവാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ബിജെപി എംഎൽഎയുടെ പരാമർശം വിവാദത്തിൽ. ഭോപ്പാലിലെ ഹുസൂർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ രമേശ്വർ ശർമയാണ് മുസ്‌ലിം യുവാക്കളേയും കുടുംബത്തിലിരിക്കുന്ന സഹോദരിമാരേയും മക്കളേയും പറ്റി അശ്ലീലച്ചുവയോടെയുള്ള പ്രസ്താവന നടത്തിയത്. എംഎൽഎയുടെ പരാമർശത്തിനെതിരെ കോൺഗ്രസും എഐഎംഐഎമ്മും രംഗത്തെത്തി.
ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് രമേശ്വർ ശർമ മുസ്‌ലിം യുവാക്കൾ ഗർബ പരിപാടികളിൽ ഒറ്റയ്ക്ക് വരരുതെന്നും സഹോദരിമാരെയും പെൺമക്കളെയും ഒപ്പം കൊണ്ടുവരണമെന്നും പറഞ്ഞത്. “മുസ്‌ലിം യുവാക്കൾ എന്തിനാണ് ഗർബയ്ക്ക് ഒറ്റയ്ക്ക് വരുന്നത്? അവർ ഒറ്റയ്ക്ക് വരരുത്. പകരം അവരുടെ സഹോദരിമാരെയും പെൺമക്കളെയും ഒപ്പം കൊണ്ടുവരണം,” എന്നായിരുന്നു ശർമയുടെ പരാമർശം. പിന്നാലെ പരിഹാസച്ചിരിയോടെ “ഞങ്ങളുടെ ആൺകുട്ടികളും തയ്യാറാണ്” എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പരിപാടിയിൽ പങ്കെടുത്തവരിൽ നിന്ന് കൈയടിയും ആർപ്പുവിളികളും ഉയർന്നു.
മുസ്‌ലിംകൾ സ്ഥിരമായി ഗർബയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനും തങ്ങൾ തയ്യാറാണെന്നും ശർമ പറഞ്ഞു. “ജയ് ശ്രീറാം” വിളിച്ച് നെറ്റിയിൽ തിലകം ചാർത്തിയെത്തിയാൽ ആർക്കും പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗർബ പരിപാടികളെ കാഴ്ചയാക്കി മാറ്റാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും ശർമ പറഞ്ഞു. ഗർബ വേദികളിൽ ലവ് ജിഹാദ് നടത്താനുള്ള ശ്രമങ്ങളുണ്ടായാൽ യുവാക്കൾ തിരിച്ചടിക്കാൻ തയ്യാറാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. മാതാപിതാക്കളെ സംരക്ഷിക്കുകയും സഹോദരിമാരെ സംരക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം ദേവി ജഗദംബയുടെ അനുഗ്രഹത്തോടെ രാക്ഷസന്മാരെ ഇല്ലാതാക്കാൻ യുവാക്കൾ തയ്യാറാകണമെന്നും ശർമ ആഹ്വാനം ചെയ്തു.
അതേസമയം ശർമയുടെ പ്രസ്താവനയ്‌ക്കെതിരെ ഭോപ്പാൽ സെൻട്രലിലെ കോൺഗ്രസ് എംഎൽഎ ആരിഫ് മസൂദ് ശക്തമായി പ്രതികരിച്ചു. രമേശ്വർ ശർമയുടെ പരാമർശം അങ്ങേയറ്റം മോശവും നിലവാരം കുറഞ്ഞതുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം രീതികൾ തിരുത്തണം. ധിക്കാരപരമായ പെരുമാറ്റം അവസാനിപ്പിക്കണം. ഇത്തരം വൃത്തികെട്ട പരാമർശങ്ങൾ നടത്തരുതെന്നും മസൂദ് പറഞ്ഞു. ശർമ തന്റെ നിലപാട് തിരുത്തിയില്ലെങ്കിൽ ജനങ്ങൾ അദ്ദേഹത്തിന് മറുപടി നൽകുമെന്നും മസൂദ് പ്രതികരിച്ചു. മുസ്‌ലിംകൾ ഗർബയിൽ പങ്കെടുക്കാറില്ലെന്നും അതുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പറഞ്ഞ അദ്ദേഹം, ഉപയോഗിച്ച ഭാഷ അങ്ങേയറ്റം അധിക്ഷേപകരമാണെന്നും വ്യക്തമാക്കി.
അതേസമയം, മധ്യപ്രദേശിലെ എഐഎംഐഎം അധ്യക്ഷൻ മൊഹ്‌സിൻ അലി ഖാനും ശർമയ്‌ക്കെതിരെ രംഗത്തെത്തി. ഭരണഘടന വായിക്കുകയാണ് ബിജെപി എംഎൽഎ ആദ്യം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകൾ രാജ്യത്തെ വിഭജിക്കാൻ മാത്രമേ സഹായിക്കൂവെന്നും ഖാൻ ആരോപിച്ചു. ബിജെപിയിലെ മുസ്‌ലിം നേതാക്കളായ മുഖ്താർ അബ്ബാസ് നഖ്‌വി, ഷാനവാസ് ഹുസൈൻ തുടങ്ങിയവരുമായി ശർമ കൂടിയാലോചിക്കണമെന്നും ഖാൻ പറഞ്ഞു. ബിജെപിയിലെ മുസ്‌ലിം നേതാക്കളോടും അദ്ദേഹം ചോദ്യം ഉന്നയിച്ചു. “രമേശ്വർ ശർമ മുസ്‌ലിംകളോട് അവരുടെ സഹോദരിമാരെയും പെൺമക്കളെയും ഗർബയ്ക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയാണ്. സൻവർ പട്ടേൽ, ജമാൽ സിദ്ദിഖി, സയ്യിദ് സഫർ ഇസ്‌ലാം എന്നിവർ സ്വന്തം സഹോദരിമാരെയും പെൺമക്കളെയും ഗർബയ്ക്ക് കൊണ്ടുവരുമോ?”എന്നായിരുന്നു ഖാന്റെ ചോദ്യം.
