പാലക്കാട്: രാത്രിയിൽ ക്ഷേത്രത്തിൽക്കയറി ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചെന്ന പരാതിയിൽ 42 കാരി പിടിയിൽ. നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതിയെയാണ് (പ്രസന്ന) പോലീസ് പിടികൂടിയത്. ഇവർ കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചെന്നാണു പരാതി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നനിലയിൽ കണ്ടെത്തിയത്. തുടർന്ന് നെന്മാറ പോലീസിൽ പരാതി നൽകി. സമീപത്തെ സിസിടിവികൾ പരിശോധിച്ചതിൽ നിന്നാണ് പ്രഭാവതിയെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
അതേസമയം, 2020-ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപ്പഞ്ചായത്തിലേക്ക് 17-ാം വാർഡിൽനിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച പ്രഭാവതി മുക്കുപണ്ടം നൽകി തട്ടിപ്പ് നടത്തിയ കേസിലും പ്രതിയാണെന്നും പോലീസ് പറഞ്ഞു.
