Home » Blog » Kerala » “ഉമ്മൻചാണ്ടിയുടെ എന്ന പേരിൽ സിനിമ ചെയ്യണം, നായകൻ മമ്മൂട്ടി; അതിൽ നിന്നും കിട്ടുന്ന തുക ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോ​ഗിക്കും” – ചാണ്ടി ഉമ്മൻ
7

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹം പങ്കുവെച്ച് മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ. നടനും സംവിധായകനുമായ നാദിർഷായുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉമ്മൻ ചാണ്ടിയുടെ ജീവിതയാത്രയെ ആസ്പദമാക്കി സിനിമ ഒരുക്കണമെന്നാണ് ആഗ്രഹമെന്നും, ചിത്രത്തിന് ‘ഉമ്മൻചാണ്ടി’ എന്ന പേര് തന്നെ നൽകണമെന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. “ഞാനൊരു സിനിമ എടുക്കണമെന്ന ആഗ്രഹത്തിലാണ്. പിതാവിന്റെ ജീവിതകഥ പറയുന്ന സിനിമ. അതിന് ഉമ്മൻചാണ്ടി എന്ന പേര് തന്നെയായിരിക്കും നൽകുക” – ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കേണ്ടതെന്ന ചോദ്യത്തിന്, ആദ്യം പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ ആ വേഷത്തിന് ഏറ്റവും അനുയോജ്യനായ നടൻ ആരാണെന്ന് ചോദിച്ചപ്പോൾ മമ്മൂട്ടിയുടെ പേരാണ് ചാണ്ടി ഉമ്മൻ നിർദേശിച്ചത്.

ഉമ്മൻ ചാണ്ടിയുടെ പേരിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനും അദ്ദേഹത്തിന്റെ ജീവിതവും പാരമ്പര്യവും ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിനുമാണ് ഇത്തരമൊരു സിനിമയെക്കുറിച്ച് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭാഷണത്തിനിടെ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന നാദിർഷായുടെ ചോദ്യത്തിനും ചാണ്ടി ഉമ്മൻ മറുപടി നൽകി. സിനിമകൾ കാണാറുണ്ടെന്നും അഭിനയത്തെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. “വേണമെങ്കിൽ വില്ലൻ കഥാപാത്രങ്ങളും ചെയ്യാം. ആരെങ്കിലും വിളിച്ചാൽ അല്ലേ അഭിനയിക്കാൻ പറ്റൂ” എന്നും ചാണ്ടി ഉമ്മൻ തമാശരൂപേണ കൂട്ടിച്ചേർത്തു.

ഇതിന് മറുപടിയായി ‘ഞാൻ വിളിച്ചാൽ വരുമോ?’ എന്ന് നാദിർഷാ ചോദിച്ചപ്പോൾ ‘വരാം’ എന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. വിളിക്കുമ്പോൾ ഒഴിവുകഴിവ് പറഞ്ഞ് മാറിക്കളയരുതെന്നും നാദിർഷാ തമാശയായി പറഞ്ഞു.