
തിരുവനന്തപുരം: കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള അബ്കാരി ചട്ടം കേരള ഹൈക്കോടതി റദ്ദാക്കി. സ്ത്രീകളുടെ മൗലികാവകാശങ്ങളുടെയും തൊഴിൽ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് ഈ വിലക്കെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ചരിത്രപരമായ ഉത്തരവ്. 2002-ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസൽ ചട്ടങ്ങളിലെ റൂൾ 7(37) ആണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. സുരക്ഷയുടെ പേരിൽ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ നിഷേധിക്കാൻ സർക്കാരിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ 47-കാരി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക വിധി. കള്ളുഷാപ്പിൽ ജീവനക്കാരനായിരുന്ന ഭർത്താവ് 2024-ൽ മരണപ്പെട്ടതിനെ തുടർന്ന്, യുവതി ആശ്രിത നിയമനപ്രകാരം ജോലിക്കായി അപേക്ഷ നൽകുകയായിരുന്നു. എന്നാൽ, സ്ത്രീകൾക്ക് ജോലി വിലക്കുന്ന നിലവിലെ ചട്ടം ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ തള്ളി. ഇതോടെയാണ് യുവതി നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്.
തൊഴിൽസ്ഥലത്തെ ചൂഷണങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് ഈ വിലക്കെന്നായിരുന്നു സർക്കാരിന്റെ വാദം. കള്ളുഷാപ്പുകൾ പലപ്പോഴും വിജനമായ സ്ഥലങ്ങളിലായതിനാൽ സുരക്ഷ ഉറപ്പാക്കണമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. വിദേശമദ്യ വിൽപനശാലകളിൽ നിന്ന് വ്യത്യസ്തമായ തൊഴിൽ സാഹചര്യമാണ് ഷാപ്പുകളിലുള്ളതെന്ന് ചൂണ്ടിക്കാട്ടി ലൈസൻസിയും ഹർജിയെ എതിർത്തു.
എന്നാൽ, സുരക്ഷ എന്ന കാരണം പറഞ്ഞ് ഒരു വിഭാഗത്തിന് മുഴുവനായി തൊഴിൽ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തൊഴിലെടുക്കാനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കി കൊണ്ടാണ് വർഷങ്ങളായി നിലനിന്നിരുന്ന ഈ വിലക്ക് ഹൈക്കോടതി റദ്ദാക്കിയത്.
