ജോലി സമയത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കാസർകോട് ജില്ലയിൽ കർശന വിലക്ക് ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹൈസ്‌കൂൾ പ്രധാനാധ്യാപകർക്ക് ഔദ്യോഗിക നിർദ്ദേശം നൽകി.
ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഔദ്യോഗിക ആവശ്യങ്ങൾ ഉണ്ടെങ്കിൽ മാത്രം ഫോൺ ഉപയോഗിക്കാമെന്നും, അല്ലാത്തപക്ഷം ക്ലാസ് മുറികളിലേക്ക് ഫോൺ കൊണ്ടുപോകാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ജോലി സമയത്ത് അധ്യാപകർ മൊബൈൽ ഫോണുകളിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ വ്യാപൃതരാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ പ്രധാനാധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസറുടെ സ്കൂൾ സന്ദർശന വേളയിൽ ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
