കോവിഡ് കേസുകൾ കൂടുന്നു; സ്വയം ചികിത്സ അരുത്

കണ്ണൂർ: കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി. ഇൻഫ്ലുവൻസ പോലുള്ള പനി, ശ്വാസകോശ അണുബാധ തുടങ്ങിയ ലക്ഷണങ്ങളോടെ ആസ്പത്രിയിൽ എത്തുന്ന എല്ലാവർക്കും കോവിഡ്-19 പരിശോധന നിർബന്ധമാക്കി. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവെങ്കിൽ ആർടിപിസിആർ ചെയ്യണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു.

രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാക്കി. കോവിഡ് രോഗികളെ പ്രത്യേക വാർഡിൽ പാർപ്പിക്കണം. 1435 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ 4026 രോഗികളാണുള്ളത്. ചുരുക്കം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒ

മിക്രോൺ വിഭാഗത്തിലെ ഒമിക്രോൺ ജെഎൻ. 1 വകഭേദമായ എൽഎഫ്. 7 ആണ് വ്യാപിക്കുന്നത്. ഭയപ്പെടേണ്ട വകഭേദമല്ലെങ്കിലും ശ്രദ്ധാപൂർവം നിരീക്ഷിക്കേണ്ട ഗണത്തിലാണ് ലോകാരോഗ്യ സംഘടന ഇതിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. എങ്കിലും പ്രായം കൂടിയവർ, നിയന്ത്രണമില്ലാത്ത പ്രമേഹം, അമിതരക്തസമ്മർദം, ആസ്ത്മ, സിഒപിഡി പോലുള്ള ദീർഘകാല ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം.

ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റിൽ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഏറിയും കുറഞ്ഞും കാണാം. മഴക്കാലത്ത് സാധാരണ ജലദോഷപ്പനികളിലും സമാനലക്ഷണങ്ങളുണ്ടാകാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ വൈദ്യോപദേശം തേടണം.

കോവിഡ് വൈറസ് പൂർണമായും പിൻവാങ്ങിയിട്ടില്ല. തീവ്രത കുറഞ്ഞ വകഭേദങ്ങൾ നാട്ടിലൊക്കെയുണ്ട്. ഇടയ്ക്കൊക്കെ അവ തലപൊക്കാം. സാധാരണ ജലദോഷപ്പനിപോലെ വന്നുപോകാം. നിലവിൽ കാണുന്ന മിക്ക കേസുകളും ലഘുവായി വന്നുപോകുന്നതാണ്. നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ ഭേദമാകും.

More From Author

Leave a Reply

Your email address will not be published. Required fields are marked *