ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജോലി നല്‍കുന്നതിനെ എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയുമെന്നും കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടപ്പെട്ടതെങ്കില്‍ സര്‍ക്കാര്‍ സഹായിക്കേണ്ടതല്ലേ എന്നും ചോദിച്ച കോടതി, കോടതിയില്‍ രാഷ്ട്രീയം കളിക്കരുതെന്നും ശക്തമായി മുന്നറിയിപ്പ് നല്കി. പൊതുതാല്പര്യ ഹര്‍ജിയിലൂടെ ഇത്തരത്തിലുള്ള നിയമനങ്ങളെ ചോദ്യം ചെയ്യാനാകില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സഹാനുഭൂതിയുടെ അടിസ്ഥാനത്തിലുള്ള നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും ഇത് ആര്‍ട്ടിക്കിള്‍ 14, 16 എന്നിവയുടെ ലംഘനമാണെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിലയിരുത്തല്‍. ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മാത്രമെ ഒഴിവുകള്‍ നികത്താവൂ എന്നും, പകരം കുടുംബാംഗങ്ങള്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കാമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഭരണഘടനയുടെ 162-ാം അനുച്ഛേദപ്രകാരമുള്ള സംസ്ഥാനത്തിന്റെ ഭരണപരമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരവിറക്കിയതെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും, ആ അധികാരങ്ങള്‍ ഭരണഘടനാ പരിധിക്കുള്ളില്‍ ആയിരിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ഈ വിധിക്കെതിരെയാണ് സുപ്രീം കോടതി ഇപ്പോള്‍ സ്റ്റേ അനുവദിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ദുരിതങ്ങളില്‍ സര്‍ക്കാരിന് മാനുഷിക പരിഗണനയോടെ ഇടപെടാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് ഹൈക്കോടതി വിധിയെന്ന വാദത്തിനാണ് പരമോന്നത കോടതിയില്‍ പ്രാധാന്യം ലഭിച്ചത്. ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് സുപ്രീം കോടതിയുടെ ഈ ഇടക്കാല ഉത്തരവ്.
