Your Image Description Your Image Description

ചെന്നൈ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി വനിതാ പൊലീസ് ഇൻസ്പെക്ടർ.പാലക്കോട് വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാൾ ആണ് വിജിലൻസിന്റെ വലയിൽ കുടുങ്ങിയത്. ശൈശവ വിവാഹം നടത്തിയ സംഭവത്തിൽ കേസെടുക്കാതിരിക്കാനാണ് വീരമ്മാൾ കൈക്കൂലി ആവശ്യപ്പെട്ടത്. അരലക്ഷം രൂപയാണ് വനിതാ ഇൻസ്പെക്ടർ കൈക്കൂലിയായി വാങ്ങിയത്.

കരിമംഗലം തുമ്പലഹള്ളി സ്വദേശി മങ്കമ്മാളിന്റെ പരാതിയിലാണ് ഇൻസ്പെക്ടർ വീരമ്മാൾ കുടുങ്ങിയത്. മങ്കമ്മാളിന്റെ 16 വയസുള്ള മകൾ മേയ് മാസത്തിൽ സ്വന്തം ഇഷ്‌‌ടപ്രകാരം അതേ ഗ്രാമത്തിലെ യുവാവിനെ വിവാഹം കഴിച്ചിരുന്നു. യുവതി നാലു മാസം ഗർഭിണിയായതോടെ സമീപമുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് സാമൂഹികക്ഷേമ വകുപ്പിനെ വിവരമറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭത്തെക്കുറിച്ച് സാമൂഹികക്ഷേമ ഓഫിസർ വീരമ്മാളിനെ അറിയിച്ചു.

മങ്കമ്മാളിന്റെ പരാതിപ്രകാരം വീരമ്മാൾ ഇരുകുടുംബങ്ങളെയും വിളിപ്പിക്കുകയും ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്‌തു. കൈക്കൂലി നൽകാൻ മങ്കമ്മാൾ തയാറായിരുന്നില്ല. ഇതോടെയാണ് മങ്കമ്മാൾ ഡയറക്‌ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്‌ക്ഷൻ ഡിഎസ്‌പി നാഗരാജുവിനെ സമീപിച്ചത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വീരമ്മാളിനെ തെളിവുസഹിതം പിടികൂടാൻ പദ്ധതി തയാറാക്കി.മങ്കമ്മാളിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം വീരമ്മാളിനെ പിടികൂടിയത്. തുടർന്ന് വീരമ്മാളിന്റെ അറസ്‌റ്റു രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഉദ്യോ​ഗസ്ഥയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.

Related Posts