Your Image Description Your Image Description

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 143 പുതിയ ബസുകൾ ഇന്നുമുതൽ സർവീസിനെത്തുന്നു. ഇന്നു വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ബസുകളുടെ ഫ്ലാ​ഗ് ഓഫ് കർമ്മം നിർവഹിക്കും. തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് കെഎസ്ആർടിസിയിലെ സമ്പൂർണ ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും പിണറായി വിജയൻ നിർവഹിക്കും.

കെഎസ്ആർടിസിയുടെ സ്റ്റുഡൻസ് ട്രാവൽ കാർഡ് പ്രകാശനവും വിതരണോദ്ഘാടനവും പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. വിപുലീകരിച്ച കൊറിയർ മാനേജ്മെൻ്റ് സംവിധാനവും ഇ – സുതാര്യം ബാർകോഡ് അധിഷ്ഠിത സംവിധാനവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ഇന്നത്തെ ദിവസം കളർഫുൾ ആക്കണമെന്നാവശ്യപ്പെട്ട് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ രം​ഗത്തെത്തി. ‘അപ്പോൾ എങ്ങനെയാ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഏറ്റവും പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുന്ന ഇന്നത്തെ ദിവസം അങ്ങ് കളർ ഫുൾ ആക്കുകയെല്ലേ’ എന്നായിരുന്നു മന്ത്രി ഗണേഷ് കുമാറിൻറെ വാക്കുകൾ.

എസി സ്ലീപ്പർ, എസി സീറ്റർ കം സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ തുടങ്ങി വിവിധ ശ്രേണികളിലുള്ള ബസുകൾ ആണ് പുതുതായി എത്തുന്നത്. ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് സർവീസ് നടത്തുന്നവയാണ് ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ. നവീകരണത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളും ഉയർന്ന നിലവാരവും സുരക്ഷാ സംവിധാനങ്ങളും പുതിയ ബസുകളിലുണ്ട്.

Related Posts