മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ ഫെബ്രുവരി മാസം കേരളത്തിന് താരതമ്യേന ‘കൂൾ’ ആയിരുന്നു. ഫെബ്രുവരിയിൽ സംസ്ഥാനത്തെ ശരാശരി താപനില മുൻ വർഷങ്ങളേക്കാൾ കുറവാണെന്ന് കാലാവസ്ഥാ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ പകുതിയിലധികം ദിവസങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നെങ്കിൽ, ഇത്തവണ ഒരു ദിവസം മാത്രമാണ് ചൂട് ഈ പരിധി കടന്നത്. എന്നാൽ കണ്ണൂർ വിമാനത്താവളത്തിൽ ഉയർന്ന ചൂട് (38.4 ഡിഗ്രി) രേഖപ്പെടുത്തി. മൂന്നാർ, കോന്നി തുടങ്ങിയ മേഖലകളിൽ അൾട്രാ വയലറ്റ് സൂചിക അപകടകരമായ നിലയിൽ ഉയർന്നതും ശ്രദ്ധേയമായി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് ശരാശരി ലഭിക്കേണ്ടതിനേക്കാൾ ഇരട്ടിയിലേറെ മഴയാണ് ലഭിച്ചത്. സാധാരണ ഗതിയിൽ 21.1 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 45.6 മി.മീ മഴ പെയ്തു. അതായത് 116 ശതമാനത്തിന്റെ വർദ്ധനവ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴികളും ന്യൂനമർദ്ദങ്ങളുമാണ് ഫെബ്രുവരിയിൽ അപ്രതീക്ഷിത മഴയ്ക്ക് കാരണമായത്.
വടക്കൻ ജില്ലകളിലാണ് മഴ കാര്യമായി ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ മാത്രം പതിവിലും 12 മടങ്ങ് അധികം മഴ ലഭിച്ചു. കോഴിക്കോട് 1219%, കണ്ണൂർ 565%, പാലക്കാട് 348%, തൃശൂർ 256%, വയനാട് 234% എന്നിങ്ങനെയാണു മഴ ലഭിച്ചത്. കൊല്ലമാണ് ശരാശരിയേക്കാൾ കുറവ് മഴ ലഭിച്ച ഏക ജില്ല (11% കുറവ്). തിരുവനന്തപുരം (17%), മലപ്പുറം (19%) എന്നിവിടങ്ങളിലാണു ശരാശരിയോട് അടുത്തു മഴ പെയ്തത്. ആലപ്പുഴയിൽ 75% അധികമഴയാണു ലഭിച്ചത്. വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ പകൽ താപനില ഉയരാൻ സാധ്യതയുണ്ടെങ്കിലും പതിവ് വേനൽ മഴ ഈ മാസം ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
