Your Image Description Your Image Description

ഹോണ്ടയാണ് ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിച്ച ആദ്യ ജാപ്പനീസ് ബ്രാൻഡ്. ക്യുസി1, ആക്ടിവ ഇ എന്നിങ്ങനെ രണ്ട് സ്‌കൂട്ടറുകള്‍ നിലവില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്റ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റേതായി ഇന്ത്യയില്‍ ഇറങ്ങുന്നുണ്ട്. ഒപ്പം മൂന്നാമത്തെ ഇവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട. ഇത്തവണ അത് ഇലക്ട്രിക്ക് സ്‌കൂട്ടറല്ല ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിളാണെന്ന സവിശേഷതയുമുണ്ട്. ഹോണ്ടയുടെ ആദ്യത്തെ ഇവി മോട്ടോര്‍സൈക്കിളാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ വേറെയും ഇവി മോട്ടോര്‍സൈക്കിളുകളുണ്ട്.

ഒല റോഡ്‌സ്റ്റര്‍ എക്‌സ്, ഒബെന്‍ റോര്‍ EZ, റിവോള്‍ട്ട് ആര്‍വി, പ്യുര്‍ ഇവി ഇകോഡ്രിഫ്റ്റ് എന്നിങ്ങനെയുള്ള ഇവി മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. ഇക്കൂട്ടത്തിലേക്കാണ് ഹോണ്ടയുടെ ഇവി മോട്ടോര്‍സൈക്കിൾ വരുന്നത്. ഹോണ്ടയുടെ ജനകീയ മോട്ടോര്‍സൈക്കിളായ ഷൈനിന്റെ ഇവി പതിപ്പാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ആക്ടിവയുടെ ഇവി പതിപ്പിന് ആക്ടിവ ഇ എന്നാണ് പേരിട്ടിരുന്നത്. ഈ രീതിയില്‍ നോക്കിയാല്‍ ഷൈന്‍ ഇവിക്ക് ഷൈന്‍ ഇ എന്നു പേരു നല്‍കാനാണ് സാധ്യത. ആക്ടിവ ഇയുടേതിന് സമാനമായ ബാറ്ററികളാവും ഷൈന്‍ ഇവിയുടേതെന്നാണ് സൂചന.

അങ്ങനെയാണെങ്കില്‍ 1.5 കിലോവാട്ടിന്റെ രണ്ട് ബാറ്ററികളാവും ഷൈന്‍ ഇവിയിലുണ്ടാവുക. ഹോണ്ടയുടെ ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകളില്‍ ആക്ടിവ ഇയ്ക്കൊപ്പം ഷൈന്‍ ഇവിയുടെ ബാറ്ററികളും മാറ്റാനായേക്കും. നിലവില്‍ ബെംഗളൂരുവില്‍ മാത്രമേ ഹോണ്ട ബാറ്ററി സ്വാപിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളൂ. വൈകാതെ രാജ്യത്തെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കൂടി ബാറ്ററി സ്വാപിങ് സ്റ്റേഷനുകള്‍ ഹോണ്ട വ്യാപിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. നിലവില്‍ വിപണിയിലുള്ള ഐസിഇ മോഡലായ ഷൈനിന്റെ അതേ പ്ലാറ്റ്‌ഫോം തന്നെയാണ് ഷൈന്‍ ഇവിയിലും ഉപയോഗിക്കുകയെന്ന സവിശേഷതയുമുണ്ട്. ഷൈനിന്റെ അതേ രൂപസവിശേഷതകളോടെയാവും ഇവിയുടേയും വരവ്.

നീണ്ട സിംഗിള്‍ പീസ് സീറ്റും 17 ഇഞ്ചിന്റേയോ 18 ഇഞ്ചിന്റേയോ അലോയ് വീലുകളും ആര്‍എസ്‌യു ടെലസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളും പുതിയൊരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പ്രതീക്ഷിക്കാം. ഷൈന്‍ 100, ഷൈന്‍ 125 മോഡലുകളേക്കാള്‍ വില കൂടുതലായിരിക്കും ഷൈന്‍ ഇവിക്ക്. നിലവില്‍ ഹീറോ മോട്ടോകോര്‍പിന്റെ സ്‌പ്ലെന്‍ഡറിന്റെ പിന്നില്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ രണ്ടാമതുള്ള ഷൈനിന്റെ ഇവി മോഡലിനും സമാനമായ സ്വീകാര്യത ലഭിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

Related Posts