കണ്ണൂർ ചാലോടുണ്ടായ ദാരുണമായ കാർ അപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരണത്തിന് കീഴടങ്ങി. തൃശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞദിവസം നടന്ന അപകടത്തിൽ നാലുപേർ സംഭവസ്ഥലത്തും ആശുപത്രിയിലുമായി നേരത്തെ മരിച്ചിരുന്നു. പരം ഛേദ്രി, ഹർഷ്, റിസ്വാൻ, ഷാൻ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് നാലുപേർ. കൂടാളിയിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. കാർ പൂർണ്ണമായും തകർന്നതിനാൽ ഫയർഫോഴ്സ് ഏറെ പ്രയാസപ്പെട്ടാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
ബെംഗളൂരുവിലെ ബിഎംഎസ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി അവിടെത്തന്നെ ജോലി ചെയ്തുവരികയായിരുന്നു മരിച്ച യുവാക്കൾ. അടുത്ത സുഹൃത്തുക്കളായ ഇവർ, കൂട്ടുകാരിൽ ഒരാളായ അലവിൽ സ്വദേശി ഷാനിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. വീട്ടിലെത്താൻ അര മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്.
