Home » Blog » Kerala » ‘ചില്ലറയില്ലേ, ഇറങ്ങിക്കോ’…; ഗതാഗത മന്ത്രിയെ ബസിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടു
karnataka

ചില്ലറയില്ലാത്തതിന്റെ പേരില്‍ മന്ത്രിയെ ബസില്‍ നിന്നും കണ്ടക്ടര്‍ ഇറക്കിവിട്ടു. കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെയാണ് ബസില്‍ നിന്നും കണ്ടക്ടര്‍ ഇറക്കിവിട്ടത്. മുഖത്ത് മാസ്ക് ധരിച്ചതിനാല്‍ മന്ത്രി ആണെന്ന് കണ്ടക്ടര്‍ക്ക് മനസിലായില്ല. ബെംഗളൂരുവിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ടറിയാൻ മാസ്ക് ധരിച്ച് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് മന്ത്രിക്ക് ഈ അനുഭവം ഉണ്ടായത്.

ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ടിക്കറ്റിനായി അദ്ദേഹം 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി. കൃത്യമായ തുക നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറോട് തന്റെ കൈവശം ചില്ലറയില്ലെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് തന്റെ പക്കലും ചില്ലറയില്ലെന്ന് കാണിച്ച് ബാഗ് തുറന്നു കാട്ടിയ കണ്ടക്ടർ, “ചില്ലറയില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങിക്കോളാൻ” മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. മാസ്ക് ധരിച്ചിരുന്നതിനാൽ യാത്രക്കാരൻ ഗതാഗത മന്ത്രിയാണെന്ന് കണ്ടക്ടർക്ക് മനസ്സിലായില്ല. തന്റെ ഔദ്യോഗിക പദവി വെളിപ്പെടുത്താനോ തർക്കിക്കാനോ നിൽക്കാതെ മന്ത്രി ബസിൽ നിന്നും ശാന്തനായി ഇറങ്ങിപ്പോവുകയായിരുന്നു.

പിന്നീട് ഈ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ അധികൃതർ സസ്‌പെൻഷൻ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ രഹസ്യ പരിശോധനയ്ക്കിടെ പത്തിലധികം ബിഎംടിസി ബസുകളിൽ മന്ത്രി സുരേഷ് യാത്ര ചെയ്യുകയും, യാത്രക്കാരെ കയറ്റാതെ പോയ മറ്റൊരു ബസിലെ ജീവനക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. കൂടാതെ ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്തപ്പോൾ മീറ്റർ ചാർജ്ജായ 30 രൂപയ്ക്ക് പകരം 36 രൂപ ആവശ്യപ്പെട്ട അനുഭവവും മന്ത്രിക്കുണ്ടായി.