Home » Blog » Kerala » ലീഗില്‍ ജമാഅത്തെ ഇസ്ലാമി പിടിമുറുക്കുന്നു; ലീഗ് രാഷ്ട്രീയം ഇകെ വിഭാഗം കയ്യൊഴിയുന്നു
muslim league

മുസ്ലിം ലീഗില്‍ ജമാഅത്തെ ഇസ്ലാമി പിടിമുറുക്കിയതോടെ സുന്നികള്‍ കൂട്ടത്തോടെ ലീഗ് രാഷ്ട്രീയം ഒഴിവാക്കുന്നു. സുന്നികളുടെ കൂടൊഴിയല്‍ മുസ്ലിം ലീഗിന് കടുത്ത തിരിച്ചടിയാണ്. ലീഗിന്റെ എക്കാലത്തേയും വലിയ വോട്ട് ബാങ്കാണ് ലീഗില്‍ നിന്നും അടര്‍ന്നുമാറുന്നത്. ലീഗുമായി തുടരുന്ന അകല്‍ച്ചയാണ് ലീഗില്‍ നിന്നും വിട്ട് നില്‍ക്കാനും എപി വിഭാഗവുമായി അടുക്കാനും ഇകെ വിഭാഗം സുന്നികളെ പ്രേരിപ്പിക്കുന്നത്. ലീഗിനോട് ഒട്ടിനിന്ന് എപി വിഭാഗം സുന്നികളെ രാഷ്ട്രീയമായി എതിര്‍ക്കുകയായിരുന്നു ഇതുവരെ ഇകെ വിഭാഗം പിന്തുടര്‍ന്നിരുന്ന രാഷ്ട്രീയനയം. ഈ നയമാണ് ഇകെ വിഭാഗം ഇപ്പോള്‍ ഒഴിവാക്കുന്നത്.

ലീഗുമായി ഇകെ വിഭാഗം അകലുന്നതിനു ഒരു കാരണം ജമാഅത്തെ ഇസ്ലാമിയുമായി ലീഗ് തുടരുന്ന രാഷ്ട്രീയ കൂട്ടുകെട്ടാണ്. ഇകെ വിഭാഗത്തിനു ഈ കാര്യത്തില്‍ കടുത്ത അനിഷ്ടം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് എപി വിഭാഗവുമായി കൂടുതല്‍ അടുപ്പം ഇവര്‍ പുലര്‍ത്താനും തുടങ്ങിയത്. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായി ലീഗ് അടുക്കുന്നത് ഇകെ വിഭാഗം എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് ലീഗ് ജമാഅത്തെ ഇസ്ലാമിയുമായി അടുത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗും ജമാഅത്തെ ഇസ്ലാമിയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിവാദവുമായിരുന്നു.

യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി പിന്‍സീറ്റ് ഭരണം തുടരുമെന്ന് പറഞ്ഞു സിപിഎം തിരിഞ്ഞെടുപ്പില്‍ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഇകെ വിഭാഗത്തെ വലിയ തോതില്‍ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ലീഗില്‍ നിന്നും അടര്‍ന്നുമാറി ഒരു രാഷ്ട്രീയ ശക്തിയായി മാറാനാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള ഇകെ വിഭാഗത്തിന്റെ ശ്രമം. ഇതിനോട് അനുബന്ധമായി തന്നെയാണ് കാന്തപുരം വിഭാഗവുമായി ഇകെ വിഭാഗം അടുക്കുന്നതും. ലീഗിന് നല്‍കിയ പിന്തുണ ഒഴിവാക്കി കോണ്‍ഗ്രസിന് പിന്തുണ നല്‍കാനാണ് ഇകെ വിഭാഗത്തിന്റെ നീക്കം.

യുഡിഎഫിലെ ലീഗിന്റെ അപ്രമാദിത്വത്തിനു തടയിടാനും ഈ നീക്കം കഴിയുമെന്നും ഇകെ വിഭാഗം കണക്കുകൂട്ടുന്നുമുണ്ട്. ഇതോടെ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ഇകെ വിഭാഗം വോട്ടും ചെയ്യില്ല. ഇത് ലീഗിന് കനത്ത തിരിച്ചടിയായി മാറാനും സാധ്യതയുണ്ട്. കോണ്‍ഗ്രസിനും ഇടതുപക്ഷത്തേയും പിന്തുണയ്ക്കുക എന്ന രാഷ്ട്രീയ ലൈനിലാണ് കുറച്ചുകാലമായി ഇകെ വിഭാഗം. ലീഗിനെക്കാളും ഗുണം ഇടതുപക്ഷമാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ സിപിഎമ്മുമായി നല്ല ബന്ധമാണ് ഇകെ വിഭാഗം പുലര്‍ത്തുന്നത്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളും ഇകെ വിഭാഗവുമായി ഏറെക്കാലമായി അകല്‍ച്ച നിലനില്‍ക്കുകയാണ്. ലീഗിലെ പാണക്കാട് തങ്ങളുടെ ആധിപത്യം അംഗീകരിക്കാന്‍ ഇകെ വിഭാഗം തയ്യാറായിരുന്നില്ല. സമസ്തയ്ക്ക് പകരം പള്ളികള്‍ പിടിച്ചടക്കാന്‍ ലീഗ് നേതൃത്വം തുനിഞ്ഞതും ഈ അകല്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഇപ്പോള്‍ സ്വതന്ത്ര രാഷ്ട്രീയ നയവുമായി ഇകെ വിഭാഗം മുന്നോട്ടുപോകുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ലീഗ് രാഷ്ട്രീയം തന്നെയാണ്.