
ന്യൂഡല്‍ഹി : ഐക്യരാഷ്ട്രസഭയുടെ 81-ാമത് ജനറല്‍ അസംബ്ലി സെഷന്റെ അനുബന്ധ ചടങ്ങുകള്‍ക്കിടെ ഇന്ത്യക്കെതിരായ ആരോപണത്തിന് പാകിസ്ഥാനി മാധ്യമപ്രവര്ത്തകന് ശക്തമായ ഭാഷയില്‍ മറുപടി നല്കി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്. ഇന്ത്യ എന്നാണ് പാകിസ്ഥാനില്‍ ഭീകരവാദം വളര്‍ത്തുന്നത് നിര്‍ത്തുക എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘ഒരു ഭീകരവാദ രാജ്യം എന്നോടാണോ ഈ ചോദ്യം ചോദിക്കുന്നത്?’ എന്നായിരുന്നു ജയ്ശങ്കറിന്റെ മറുപടി. നയതന്ത്ര പ്രതികരണത്തിന് ശേഷം വിദേശകാര്യ മന്ത്രിയും മറ്റ് പ്രതിനിധികളും വേദിയില്‍ നിന്നും മടങ്ങി.
ഇന്ത്യയിലെ പലവിധ ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും പാകിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണെന്ന നിലപാടില്‍ ഇന്ത്യ കാലങ്ങളായി ഉറച്ചുനില്‍ക്കുന്നു. 2025 ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരന് ഉള്‍പ്പെടെ 26 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇന്ത്യ പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും പ്രധാന ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ അതിശക്തമായ മിസൈല്‍ ആക്രമണമാണ് നടത്തിയത്.
ലഷ്കര്‍-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുടെ കേന്ദ്രങ്ങളായ മുസഫറാബാദ്, കോട്ലി, ബഹാവല്‍പൂര്‍, റാവലാകോട്ട്, ചാക്സ്വാരി, ഭിംബര്‍, നീലം വാലി, ജീലം, ചക്വാള്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ഇതില്‍ അഞ്ചെണ്ണം പാക് അധീന കശ്മീരിലും നാലെണ്ണം പാകിസ്ഥാന് പ്രധാനഭൂവിഭാഗത്തിലുമായിരുന്നു.
കൂടാതെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന് ക്ഷിതിജ് ത്യാഗിയും പാകിസ്ഥാനെതിരെ വിമര്‍ശനമുന്നയിച്ചു. അയല്‍രാജ്യങ്ങളുടെ പ്രദേശങ്ങള്‍ കൈവശപ്പെടുത്താനും ഭീകരവാദം കയറ്റുമതി ചെയ്യാനും ശ്രമിക്കുന്നതിനേക്കാള്‍ പാകിസ്ഥാന് സ്വന്തം രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലും വികസനത്തിലുമാണ് ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാടകീയ പ്രകടനങ്ങള്‍ കൊണ്ട് കടക്കെണിയിലായ പാക് സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ കഴിയില്ലെന്നും ത്യാഗി തുറന്നടിച്ചു. പാക് അധീന കശ്മീരില്‍ ജനങ്ങള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ നിരപരാധികളായ ഒട്ടേറെ സിവിലിയന്മാര് കൊല്ലപ്പെട്ട സംഭവത്തിലും ഇന്ത്യ പ്രതികരിച്ചു. നിത്യോപയോഗ സാധനങ്ങളുടെയും മരുന്നുകളുടെയും ക്ഷാമത്തെത്തുടര്‍ന്ന് സമരം ചെയ്ത ജനങ്ങള്‍ക്ക് നേരെ പാകിസ്ഥാന് കാണിച്ച ക്രൂരത അന്താരാഷ്ട്ര വേദിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
