Your Image Description Your Image Description

പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച് സെപ്റ്റംബര്‍ 30വരെയുള്ള കാലയളവില്‍ ഒരു കോടി വൃക്ഷതൈകള്‍ നട്ട് പരിപാലിക്കുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ വൃക്ഷവത്കരണ പരിപാടിയായ ഒരു തൈ നടാം ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി . ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ ഒമ്പത്) കോമളപുരം സ്പിന്നിംഗ് മില്‍ വളപ്പില്‍ വൃക്ഷത്തൈകള്‍ നട്ട് പച്ചത്തുരുത്ത് സ്ഥാപിച്ച് കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കെ.ജി. രാജേശ്വരി നിര്‍വ്വഹിച്ചു.

ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ പച്ചത്തുരുത്ത്, ഓര്‍മ്മതുരുത്ത്, വൃക്ഷ വത്കരണം എന്നിവയിലൂടെ നാടിന് അനുയോജ്യവും, വംശനാശ ഭീഷണി നേരിടുന്നതുമായ ചെറുപുന്ന, കമ്പകം, കാഞ്ഞിരം, നീര്‍മരുത്, അശോകം, ആര്യവേപ്പ്, ഞാറ, ഞാവല്‍, തുടങ്ങിയ വൃക്ഷങ്ങള്‍ ക്യാമ്പയിന്റെ ഭാഗമായി നടും. വനം വകുപ്പില്‍ നിന്ന് ലഭ്യമായ വലിയ വൃക്ഷത്തൈകള്‍ക്ക് പുറമെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ നഴ്സറികളില്‍ നിന്നും, പ്രാദേശികമായും പച്ചത്തുരുത്തിനാവശ്യമായ തൈകള്‍ ശേഖരിച്ചാണ് പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നത്. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിത വീഥികളും ടൗണുകളുമായി പ്രഖ്യാപിച്ച ഇടങ്ങളിലും വൃക്ഷവത്കരണം നടത്തും . ജില്ലയില്‍ 149 സെന്റ് സ്ഥലത്തായി 17 പച്ചത്തുരുത്തുകളാണ് പുതിയതായി സ്ഥാപിച്ചത്. വരും ദിവസങ്ങളില്‍ 63 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ലഭ്യമായ സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗര ഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങള്‍, ഹരിതവിദ്യാലയങ്ങള്‍, ഓഫീസുകള്‍ എന്നിവയുടെ അങ്കണങ്ങളിലും വൃക്ഷവത്കരണത്തിന് ലക്ഷ്യമിടുന്നുണ്ട്.
വിവിധ വിഭാഗം സംഘടനകള്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരെയും ഒരു തൈ നടാം
കാമ്പയിന്റെ ഭാഗമാക്കും.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി. അജിത്ത് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എസ്. രാജേഷ്, കോമളപുരം സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്‍സ് ജനറല്‍ മാനേജര്‍ വി.ആര്‍ ഹോബി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അനോഫ് കുമാര്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈലത്ത്, ഗ്രാമപഞ്ചായത്തംഗം രാജേഷ് രജി , അസിസ്റ്റന്റ് സെക്രട്ടറി സുധീര്‍, സീമ റോസ് എന്നിവര്‍ സംസാരിച്ചു. തൊഴിലുറപ്പ് വിഭാഗം ജീവനക്കാരും തൊഴിലാളികളും
പരിപാടിയില്‍ സന്നിഹിതരായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പ്, സാമൂഹിക വനവത്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നതും വൃക്ഷവത്കരണ പരിപാടി നടപ്പാക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts