Home » Blog » kerala Max » ഒരു അപ്പീൽ തീർപ്പാക്കാൻ എടുത്തത് 41 വർഷം! അലഹബാദ് ഹൈക്കോടതിക്കെതിരെ കടുത്ത അമർഷവുമായി സുപ്രീം കോടതി

കൊലക്കേസ് പ്രതിയുടെ അപ്പീൽ തീർപ്പാക്കാൻ 41 വർഷമെടുത്ത അലഹബാദ് ഹൈക്കോടതിയുടെ നടപടിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എ.എസ്. ചന്ദ്രുകർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതിൽ കേസുകൾ കെട്ടിക്കിടക്കുന്നതിനെതിരെ അതൃപ്തി രേഖപ്പെടുത്തിയത്. അലഹബാദ് ഹൈക്കോടതിയിലെ നിലവിലെ സാഹചര്യം ഏറെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും, കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ എന്ത് നൂതന നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു.

1983-ൽ സ്വന്തം സഹോദരനെ വെടിവെച്ചുകൊന്ന കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വിജയ് സിങ്ങിന്റെ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. 1985-ൽ കാൻപൂർ സെഷൻസ് കോടതി ഇയാൾക്ക് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഇതിനെതിരെ വിജയ് സിംഗ് നൽകിയ അപ്പീൽ 41 വർഷങ്ങൾക്ക് ശേഷമാണ് ഈ വർഷം ഫെബ്രുവരിയിൽ ഹൈക്കോടതി തീർപ്പാക്കിയത്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് കേവലം മൂന്ന് മാസം മാത്രമാണ് ജയിലിൽ കഴിയേണ്ടി വന്നതെന്നും, ബാക്കി വർഷങ്ങൾ മുഴുവൻ ഇയാൾ ജാമ്യത്തിലായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇപ്പോൾ 72 വയസ്സുള്ള പ്രതിക്ക് സുപ്രീം കോടതിയിലെ അപ്പീൽ തീർപ്പാകുന്നത് വരെ ജാമ്യം തുടരാമെന്നും ബെഞ്ച് വ്യക്തമാക്കി.

ഈ കേസ് ഒരു ഉദാഹരണം മാത്രമാണെന്നും, ഇത്തരം നിരവധി അപ്പീലുകൾ വേഗത്തിൽ തീർപ്പാക്കാൻ നിർദ്ദേശം തേടി ഹർജിക്കാർ സുപ്രീം കോടതിയെ സമീപിക്കാറുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. മൂന്ന് വർഷത്തിലേറെയായി തീർപ്പാകാതെ കിടക്കുന്ന പ്രോസിക്യൂഷൻ അപ്പീലുകൾ തള്ളിക്കളയണമെന്ന് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ദവെ അഭിപ്രായപ്പെട്ടെങ്കിലും, കാലതാമസം മാത്രം മുൻനിർത്തി അപ്പീലുകൾ തള്ളുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാകുമെന്ന് സുപ്രീം കോടതി മറുപടി നൽകി. കേസുകൾ സമയബന്ധിതമായി തീർപ്പാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്ന കാര്യത്തിൽ കൂടുതൽ ഗൗരവമായ ചർച്ചകൾക്ക് സുപ്രീം കോടതി തുടക്കമിട്ടിരിക്കുകയാണ്.