Home » Blog » kerala Max » ഏഷ്യയിലെ പ്രമുഖ വ്യോമയാന കേന്ദ്രമാകാൻ കേരളം;200 കോടി രൂപയുടെ ഏവിയേഷൻ ഹബ്ബ് പദ്ധതി പ്രഖ്യാപിച്ചു
vd-satheeshan

കേരളത്തെ ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും പരസ്പരം ബന്ധിപ്പിച്ചും കേന്ദ്രീകരിച്ചുമായിരിക്കും ഈ മെഗാ വികസന പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ ബജറ്റിൽ വകയിരുത്തി.

സംസ്ഥാനത്ത് വർധിച്ചുവരുന്ന വ്യോമയാന ആവശ്യകതകൾ, കയറ്റുമതി സാധ്യതകൾ, വിനോദസഞ്ചാര മേഖലയിലെ മാറ്റങ്ങൾ എന്നിവ മുൻനിർത്തിയാണ് സർക്കാർ ഈ പുതിയ ദീർഘവീക്ഷണ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. കേരളത്തിന്റെ വിമാനത്താവള നഗരങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്ന ഒട്ടനവധി നിർദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ, ഹോസ്പിറ്റാലിറ്റി, വ്യോമയാന അനുബന്ധ വ്യാപാരസേവന മേഖലകൾ എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള എയ്‌റോ സിറ്റി പദ്ധതികൾ വിമാനത്താവളങ്ങളോട് അനുബന്ധിച്ച് യാഥാർഥ്യമാക്കും.

ഡി.ജി.സി.എ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള ആധുനിക പൈലറ്റ് പരിശീലന കേന്ദ്രങ്ങളും വിമാന പരിപാലന എഞ്ചിനീയറിങ് പരിശീലന കേന്ദ്രങ്ങളും സംസ്ഥാനത്ത് ആരംഭിക്കും. വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന പരിപാലന മേഖലകളെ കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ ലക്ഷ്യമിടുന്നു. കയറ്റുമതി മേഖലയ്ക്ക് ഊർജ്ജം പകരാൻ വൻകിട സംവിധാനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കാർഷിക-മത്സ്യ-ഫാർമ മേഖലകളിലെ ഉത്പന്നങ്ങൾ വേഗത്തിൽ വിദേശത്ത് എത്തിക്കാനായി സംയോജിത പാക്ക് ഹൗസ് സൗകര്യവും ഫാർമ കാർഗോ സൗകര്യങ്ങളും വർധിപ്പിക്കും. ഇതിന് പുറമെ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട് അനുബന്ധമായി ആഗോള നിലവാരത്തിലുള്ള ഗ്ലോബൽ കൺവൻഷൻ സെന്ററും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.