തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് പരാജയത്തിനു മുഖ്യകാരണം ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ മുഖപത്രം. ഭരണവിരുദ്ധവികാരമില്ലെന്ന സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് സിപിഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സിപിഐയുടെ ഒരു മന്ത്രി ഉള്‍പ്പെടെ 13 മന്ത്രിമാര്‍ പരാജയപ്പെട്ടിരുന്നു.
യുഡിഎഫിന്റെ വിജയം മുഖ്യമായും പ്രാഥമികമായും ഭരണവിരുദ്ധ വികാരമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുവെന്നാണ് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നത്. 10 വര്‍ഷം നീണ്ട എല്‍ഡിഎഫ് ഭരണത്തില്‍ എവിടെയാണ് വീഴ്ചകളും പാളിച്ചകളും സംഭവിച്ചതെന്നു മുന്നണിയും ഘടകകക്ഷികളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഭരണവും അതിന് നേതൃത്വം നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും എങ്ങനെ എന്തുകൊണ്ട് ജനങ്ങളില്‍ നിന്നും അകലുകയും ഒറ്റപ്പെടുകയും ചെയ്തുവെന്നത് ആത്മാർഥവും സത്യസന്ധവുമായ ആത്മപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും മുഖപത്രത്തിൽ പറയുന്നു.
മുന്നണിക്ക് നേതൃത്വം നല്‍കിയ സിപിഎം നേതൃത്വത്തിലെ പ്രമുഖരായ ചില നേതാക്കള്‍ ആ പാര്‍ട്ടി വിട്ട് യുഡിഎഫില്‍ ചേക്കേറിയതും പാര്‍ട്ടിയെയും മുന്നണിയെയും വെല്ലുവിളിച്ച് വിജയിച്ചതും ഇരുത്തിച്ചിന്തിപ്പിക്കാന്‍ മതിയായ രാഷ്ട്രീയ പ്രതിഭാസമാണ്. സിപിഎമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെയും പരമ്പരാഗത അടിത്തറയ്ക്ക് ഇളക്കം തട്ടുകയും വോട്ടു ചോര്‍ച്ച സംഭവിക്കുകയും ഉണ്ടായെന്ന് കരുതേണ്ടിവരും. അത് എന്തുകൊണ്ട്, എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്തുകയും അതിലേക്ക് നയിച്ച കാര്യകാരണങ്ങള്‍ വിലയിരുത്തി പരിഹാരമാര്‍ഗങ്ങള്‍ ആരായുകയും തിരുത്തലുകള്‍ക്ക് തയ്യാറാവുകയും ചെയ്യണമെന്നും സിപിഐ മുഖപത്രം വ്യക്തമാക്കുന്നു.
