Home » Blog » Kerala » സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത നിർദേശം
8

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മഴ ശക്തമായ സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അച്ചൻകോവിൽ, മണിമല നദികളിൽ കേന്ദ്ര ജല കമ്മിഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങുകയോ നദി മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമായാൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പെരിങ്ങൽകുത്ത് അണക്കെട്ടിൽ യെല്ലോ അലർട്ടും മംഗലം ഡാമിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. ഡോൾഫിൻ ചുഴലിക്കാറ്റിന്റെയും കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി ഓഗസ്റ്റ് 10 വരെ സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.