Your Image Description Your Image Description

ജില്ലയില്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. ഈ വര്‍ഷം  63 സ്ഥിരീകരിച്ച കേസുകളും 20 സംശയാസ്പദ എലിപനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ സ്ഥിരീകരിച്ച ഒരുമരണവും രണ്ട് സംശയാസ്പദമരണവും ഉണ്ടായിട്ടുണ്ട്.

വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ , ശുചീകരണതൊഴിലാളികള്‍, പാടത്തും ജലാശയങ്ങളിലും വിനോദത്തിനായി മീന്‍ പിടിക്കാനിറങ്ങുന്നവര്‍ തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരെയുള്ള മുന്‍കരുതല്‍ മരുന്നായ ഡോക്‌സി സൈക്ലിന്‍ 200 മില്ലിഗ്രാം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം.

ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ 200 മില്ലി ഗ്രാം  ഡോക്‌സി സൈക്ലിന്‍ഗുളിക ആഴ്ചയിലൊരിക്കല്‍ ആറാഴ്ച വരെ കഴിക്കണം. ജോലി തുടരുന്നുവെങ്കില്‍ രണ്ട്  ആഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കഴിക്കണം. ഭക്ഷണം കഴിച്ചതിനു ശേഷം മാത്രം ഗുളിക കഴിക്കണം.  ഗുളിക കഴിച്ചശേഷം ചിലര്‍ക്കുണ്ടാകുന്ന വയറെരിച്ചില്‍ ഒഴിവാക്കാന്‍ രണ്ട്ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.  ഗുളിക കഴിച്ച ശേഷം ഉടനേ കിടക്കരുത്. തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലിക്കിറങ്ങുന്നതിന്റെ തലേദിവസം ഗുളിക കഴിക്കണം.

എലിപ്പനി -പ്രതിരോധമാണ് പ്രധാനം

ശരീരത്തില്‍ ചെറിയ മുറിവുകളോ വ്രണങ്ങളോ ഉള്ളവര്‍, പാദം വിണ്ടുകീറിയവര്‍, ഏറെ നേരം വെള്ളത്തില്‍ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദുലമായവര്‍ തുടങ്ങിയവരില്‍ എലിപ്പനിക്ക് കാരണമാകുന്ന രോഗാണുവിന് പ്രവേശിക്കാന്‍ എളുപ്പമാണ്. ശരീരത്തില്‍ മുറിവുളളവര്‍ ഉണങ്ങുന്നതുവരെ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലികള്‍ ചെയ്യാതിരിക്കുക. ജോലി ചെയ്യേണ്ട സാഹചര്യം വന്നാല്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളായ കയ്യുറ, കാലുറ എന്നിവ ധരിക്കുകയും ഡോക്‌സി സൈക്ലിന്‍ കഴിക്കുകയും വേണം. വീടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെരുപ്പ് ധരിക്കുക. വിനോദത്തിനായി മീന്‍ പിടിക്കാന്‍ പോകുന്ന സ്ഥലങ്ങളില്‍ മലിനജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിച്ച് എലിപ്പനിക്കെതിരായ മുന്‍കരുതല്‍ എടുക്കുക. കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളില്‍ കുളിക്കുകയോ മുഖം, വായ എന്നിവ കഴുകുകയോ ചെയ്യരുത്. തൊഴുത്ത്, പട്ടിക്കൂട് എന്നിവ വൃത്തിയാക്കുന്നവര്‍ മൃഗങ്ങളുടെ വിസര്‍ജ്യങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകാതെ സൂക്ഷിക്കുക.

 

കെട്ടിക്കിടക്കുന്ന വെളളത്തില്‍ ഇറങ്ങേണ്ടി വന്നാല്‍ കൈകാലുകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. ആഹാരവും കുടിവെള്ളവും എലി മൂത്രം കലര്‍ന്ന് മലിനമാകാതെ മൂടിവെക്കുക. മഴക്കാലത്ത് ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം. കടുത്ത പനി, തലവേദന , ക്ഷീണം, ശരീര വേദന , കാല്‍വണ്ണയിലെ പേശികളില്‍ വേദന , കണ്ണിന് മഞ്ഞനിറം എന്നിവ ഉണ്ടായാല്‍ സ്വയംചികില്‍സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണം. മലിനജലവുമായി സമ്പര്‍ക്കം വന്നിട്ടുണ്ടെങ്കില്‍  ഡോക്ടറോട് പറയണം. ഇത് രോഗനിര്‍ണയം കൂടുതല്‍ എളുപ്പമാക്കും. കുട്ടികളെ മലിനജലത്തില്‍ കുളിക്കാനോ കളിക്കാനോ അനുവദിക്കരുതെന്നും മഴക്കാലമായതിനാല്‍ മറ്റ്പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts