എന്റെ കേരളം പ്രദര്‍ശന മേള ; കുട തുന്നി തണലൊരുക്കാം

പത്തനംതിട്ട : നൂലിഴകള്‍ തുന്നിചേര്‍ത്ത് കുടയുമായി സന്ദര്‍ശകര്‍ക്ക് പുതുഅനുഭവം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന മേളയില്‍ തല്‍സമയം കുട നിര്‍മിക്കാനുള്ള പരിശീലനം സൗജന്യമായൊരുക്കി വകുപ്പിന്റെ സ്റ്റാള്‍. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് വരുമാനമാര്‍ഗമെന്ന നിലയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ചവരാണ് കുട തുന്നി തണലൊരുക്കുന്നത്.

സ്റ്റാളിലെത്തിയാല്‍ കുടയും അത് നിര്‍മിക്കാനുള്ള കിറ്റും വാങ്ങാം. സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായാണ് കുടനിര്‍മാണം. ഭിന്നശേഷിക്കാര്‍, അന്യ സംസ്ഥാന തൊഴിലാളികളുടെ മക്കള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ തുടങ്ങിയവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ ധാരാളം പ്രവര്‍ത്തനങ്ങളാണ് സമഗ്ര ശിക്ഷാ കേരള നടത്തുന്നത്. പരിമിതിയെ തോല്‍പ്പിച്ച് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ നിര്‍മിക്കുന്ന വസ്തുക്കള്‍ക്കെല്ലാം മതിക്കാനാവാത്ത വിലയുണ്ട്.

ഓരോ കുട്ടിക്കും അനുയോജ്യമായ വ്യക്തിഗത പരിശീലന പരിപാടി തയ്യാറാക്കി പഠന പിന്തുണ ഉറപ്പാക്കുകയും തൊഴില്‍ പരിശീലനം നല്‍കി സ്വയം പര്യാപ്തരാക്കുകയും ചെയ്യുന്നു. റാന്നി ബി.ആര്‍.സി അവധിക്കാലത്ത് ആരംഭിച്ച സീസണല്‍ വൊക്കേഷണല്‍ പരിശീലനമാണ് മുതല്‍മുടക്ക്. ക്രിസ്മസ് വേളയില്‍ നക്ഷത്രമുണ്ടാക്കി വരുമാനമുണ്ടാക്കിയ രക്ഷിതാക്കള്‍ ഇപ്പോള്‍ കുട നിര്‍മാണത്തിലാണ്.

ഭിന്നശേഷി കുട്ടികള്‍ക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തൊഴില്‍ പരിശീലനവും ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന പ്രവര്‍ത്തനമാണ് വകുപ്പ് നടത്തുന്നത്. റാന്നി ബി.ആര്‍.സിയിലെ രക്ഷിതാക്കളും സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സും നിര്‍മിച്ച കുടകളുടെ വിപണനോദ്ഘാടനം വകുപ്പിന്റെ സ്റ്റാളില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബിജു കുര്യന്‍ റാന്നി അങ്ങാടി മുന്‍ പഞ്ചായത്തംഗം ഷിബു സാമുവലിന് നല്‍കി നിര്‍വഹിച്ചു. റാന്നി ബി .പി.സി ഷാജി എ സലാം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ സജീവ് (പുല്ലാട്) ഉഷ (ആറന്മുള) പി.ആര്‍ ബിന്ദു (വെണ്ണിക്കുളം) റാന്നി സ്‌പെഷ്യല്‍ എഡുക്കേറ്റര്‍മാരായ ആര്‍ രാജശ്രീ, അഞ്ജന എന്നിവര്‍ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *